കൂത്തുപറമ്പ് പാച്ചപ്പൊയ്ക സ്വദേശി പവിത്രൻ (67) ചികിത്സ പൂർത്തിയാക്കിയതിനു ശേഷം നാളെ ആശുപത്രി വിടും.
കഴിഞ്ഞ 13 നാണ് മംഗ്ളൂരിലെ ആശുപത്രിയില്‍ വെൻ്റിലേറ്ററില്‍ ചികിത്സയിലായിരുന്ന പവിത്രനെ മരണം സ്ഥിരീകരിച്ചതിനെ തുടർന്ന് കണ്ണൂർ എ.കെ.ജി സ്മാരക സഹകരണ ആശുപത്രി മോർച്ചറിയിലെത്തിച്ചത്. പ്രാദേശിക ജനപ്രതിനിധിയുടെ കത്ത് വാങ്ങി സംസ്കാര ചടങ്ങുകള്‍ ഒരുക്കുന്നതിനു വേണ്ടി മോർച്ചറിയിലേക്ക് മാറ്റുവാനുള്ള ക്രമീകരണം ചെയ്തു. മരണവാർത്ത ദിനപത്രങ്ങൾക്ക് കൈമാറുകയും ചെയ്തിരുന്നു.
രാത്രി 11.30 ന് എ.കെ.ജി ആശുപത്രിയിലെത്തിച്ച പവിത്രനെ സ്ട്രച്ചറില്‍ മാറ്റുന്നതിനിടെയാണ് ആംബുലൻസില്‍ കയറിയ ജയനും അനൂപും പവിത്രൻ്റെ ദേഹം അനങ്ങുന്നതായി വ്യക്തമായത്.
ഉടൻ ഡോക്ടറെ വിവരമറിയിക്കുകയും ഇവരുടെ നിർദ്ദേശപ്രകാരം അതി തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി അടിയന്തിര ചികിത്സ നടത്തുകയുമായിരുന്നു.
എ.കെ.ജി ആശുപത്രിയില്‍ ഐ.സി.യുവില്‍ ചികിത്സയിലായിരുന്ന പവിത്രനെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതിനെ തുടർന്ന് വാർഡിലേക്ക് മാറ്റുകയായിരുന്നു. കഴിഞ്ഞ ദിവസം ഇദ്ദേഹത്തിന് ഡിസ്ചാർജാകാൻ കഴിയുമായിരുന്നുവെങ്കിലും പനി ബാധിച്ചതിനാല്‍ ഒരു ദിവസം കൂടി ചികിത്സയില്‍ തുടരാൻ ഡോക്ടർ പൂർണിമാറാവൂ നിർദ്ദേശിക്കുകയായിരുന്നു.