സ്വര്‍ണവില കുറഞ്ഞത് ആഭരണം വാങ്ങാന്‍ കാത്തിരിക്കുന്നവര്‍ക്ക് പ്രതീക്ഷ നല്‍കുന്നു. കേരളത്തില്‍ സ്വര്‍ണവില വലിയ അളവില്‍ കുറഞ്ഞു. ഒരു പവന് 600 രൂപ താഴ്ന്നു. ഗ്രാമിന് 75 രൂപയും. രൂപ കരുത്ത് വര്‍ധിപ്പിച്ചതും ഡോളര്‍ മൂല്യം ഇടിഞ്ഞതും സ്വര്‍ണവില കുറയാന്‍ കാരണമായിട്ടുണ്ട്. മാത്രമല്ല, ക്രൂഡ് ഓയില്‍ വില കുറഞ്ഞത് ഡോളറിന്റെ കരുത്ത് കുറയ്ക്കുകയും ചെയ്തു. വിപണിയിലെ ഇത്തരം ഓരോ കാര്യങ്ങളും പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നതാണ്.
കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 73240 രൂപയാണ് വില. ഗ്രാമിന് 9155 രൂപയും. അതേസമയം, 18 കാരറ്റ് സ്വര്‍ണ ഗ്രാമിന് 60 രൂപ കുറഞ്ഞ് 7510 രൂപയായി. വെള്ളിയുടെ വിലയും ഇന്ന് കുറഞ്ഞിട്ടുണ്ട്. ഗ്രാമിന് 2 രൂപ കുറഞ്ഞ് 116 രൂപയിലെത്തി. രാജ്യാന്തര വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന് 3352 ഡോളറായി കുറഞ്ഞു. ഇതെല്ലാം പരിശോധിച്ചാണ് കേരളത്തിലെ ജ്വല്ലറി വ്യാപാരികള്‍ വില കുറച്ചത്.
ഡോളര്‍ സൂചിക വീണ്ടും 98 എന്ന നിരക്കിലേക്ക് ഇടിഞ്ഞു. കഴിഞ്ഞ ദിവസം 100ലേക്ക് അടുത്ത ശേഷമാണ് കുറഞ്ഞത്. ഡോളറിനെതിരെ രൂപയുടെ മൂല്യം 86.18 ആയി മെച്ചപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം 87ലേക്ക് കൂപ്പുകുത്തുന്ന സൂചന നല്‍കിയ ശേഷം നില മെച്ചപ്പെടുത്തുകയായിരുന്നു. ക്രൂഡ് ഓയില്‍ വിലയിലെ ഇടിവ് ഇന്ത്യയ്ക്ക് ആശ്വാസമാണ്. ബ്രെന്റ് ക്രൂഡ് ബാരലിന് 69 ഡോളറായി കുറഞ്ഞു.
ഇന്ന് സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ അഡ്വാന്‍സ് ബുക്ക് ചെയ്യുന്നത് നല്ലതാണ്. വരും ദിവസങ്ങളില്‍ വില കൂടിയാലും ആശങ്ക ഒഴിവാക്കാനുള്ള മാര്‍ഗമാണിത്. ബുക്ക് ചെയ്യുന്ന സമയത്തെ വില, വാങ്ങുന്ന സമയത്തെ വില എന്നിവയില്‍ കുറവുള്ളത് ഏതാണോ, ആ വിലയ്ക്ക് സ്വര്‍ണം വാങ്ങാന്‍ അഡ്വാന്‍സ് ബുക്കിങിലൂടെ സാധിക്കും.
ബില്ല് സൂക്ഷിച്ചു വയ്ക്കണം, ബുക്ക് ചെയ്യുന്ന വേളയില്‍ തന്നെ പണിക്കൂലി, നികുതി, ഹാള്‍മാര്‍ക്കിങ് ചാര്‍ജ്, തിരിച്ചു വില്‍ക്കുമ്പോഴുള്ള വില, ബുക്കിങ് കാലാവധി എന്നിവ വ്യക്തമായി ചോദിച്ചിരിക്കണം. ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുന്നവര്‍ക്ക് കുറഞ്ഞ പണിക്കൂലി കണക്കാക്കിയാല്‍ 79500 രൂപ ചെലവ് വരുമെന്ന് പ്രതീക്ഷിക്കാം.