ബോക്സ് ഓഫീസിൽ പലരും മിന്നും വിജയങ്ങൾ സ്വന്തമാക്കികൊണ്ടിരിക്കുന്ന വർഷമാണ് 2025. വർഷത്തിന്റെ ആദ്യ പകുതി പിന്നിടുമ്പോൾ മലയാളത്തിൽ പുതിയ ഇൻഡസ്ട്രി ഹിറ്റടക്കം പിറന്നുകഴിഞ്ഞു. ബോളിവുഡിലും കോളിവുഡിലും മറ്റ് ഭാഷകളിലും ഇൻഡ്‌സ്ട്രി ഹിറ്റുകൾ ഉണ്ടായില്ലെങ്കിലും ബോക്‌സ് ഓഫീസിൽ വലിയ കളക്ഷനുകൾ നേടിയ ചിത്രങ്ങൾ വന്നിരുന്നു. കോടി ക്ലബുകളിൽ അനവധി സൂപ്പർതാരചിത്രങ്ങളും എത്തി.
എന്നാൽ നിർമാണച്ചെലവുമായി താരതമ്യം ചെയ്യുമ്പോൾ ഈ വമ്പന്മാരൊന്നുമല്ല മുന്നിലുള്ളത്. ഏഴ് കോടി ബജറ്റിൽ നിർമിച്ച്, അതിന്റെ 1200 ശതമാനം കൂടുതൽ ലാഭം നേടിയ ഒരു തമിഴ് ചിത്രമാണ് അക്കാര്യത്തിൽ മുൻനിരയിലുള്ളത്. നവാഗതനായ അബീഷൻ ജീവിന്ത് സംവിധാനം ചെയ്ത ടൂറിസ്റ്റ് ഫാമിലിയാണ് ഈ വർഷം ഏറ്റവും ലാഭം നേടിയ ചിത്രം. 90 കോടിയാണ് ചിത്രത്തിന്റെ ആഗോള തലത്തിലെ കളക്ഷൻ. 62 കോടിയാണ് ചിത്രം ഇന്ത്യയിൽ നിന്നും നേടിയത്.
വിക്കി കൗശൽ സംബാജി മഹാരാജായി എത്തിയ ഛാവയാണ് 2025ൽ ഏറ്റവും കളക്ഷൻ നേടിയ ഇന്ത്യൻ സിനിമ. 808 കോടിയാണ് ചിത്രം നേടിയത്. എന്നാൽ സിനിമയുടെ ബജറ്റ് 90 കോടിയായതിനാൽ ലാഭ ശതമാനം 800 ആണ്.
മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി ഒരുക്കിയ തുടരും 720 ശതമാനമാണ് ലാഭം നേടിയത്. തെലുങ്കിൽ ഈ വർഷം ബോക്‌സ് ഓഫീസിൽ ഒന്നാം സ്ഥാനം നേടിയ സംക്രാന്തി വസ്തുനാം 60 കോടി ബജറ്റിലൊരുങ്ങി 300 ശതമാനമാണ് ലാഭം നേടിയത്. ടോട്ടൽ കളക്ഷനിൽ ടൂറിസ്റ്റ് ഫാമിലിയേക്കാൾ ബഹുദൂരം മുന്നിലുള്ള ചിത്രങ്ങളുണ്ടെങ്കിലും ലാഭവിഹിതത്തിന്റെ കാര്യത്തിൽ അവയെ എല്ലാം ഏറെ പിന്നിലാക്കിയിരിക്കുകയാണ് ഈ കുഞ്ഞുചിത്രം.