ചെന്നൈ: പ്ലസ് വൺ വിദ്യാർത്ഥി ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു. തമിഴ്നാട്ടിലെ വില്ലുപുരത്തെ സ്കൂളിലാണ് സംഭവം. വില്ലുപുരം മേൽ തെരുവ് സ്വദേശി കെ മോഹൻ രാജ് (16) ആണ് മരിച്ചത്. വില്ലുപുരം സരസ്വതി മെട്രിക് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയായ മോഹൻ രാജ് കഴിഞ്ഞ ദിവസം രാവിലെ 7 മണിയോടെ സ്പെഷ്യൽ ക്ലാസിനായാണ് സ്കൂളിൽ എത്തിയത്. ക്ലാസ് മുറിയിലെ ബെഞ്ചിലിരുന്ന് നിമിഷങ്ങൾക്കകം ബോധരഹിതനായി താഴെ വീഴുകയായിരുന്നു.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സഹപാഠികൾ ചുറ്റും കൂടി. അധ്യാപകർ ഉടൻ തന്നെ നെഹ്‌റു റോഡിലുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോൾ, ഓക്സിജൻ നില കുറവാണെന്ന് ഡോക്ടർമാർ അറിയിച്ചു. മതിയായ സൗകര്യങ്ങളില്ലാത്തതിനാൽ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാൻ നിർദേശിക്കുകയും ചെയ്തു. തുടർന്ന് ട്രിച്ചി റോഡിലുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
എന്താണ് മരണ കാരണമെന്ന് വ്യക്തമല്ല. സംശയകരമായി ഇതുവരെ ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും മൊഴിയെടുത്തു. മോഹൻ രാജിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി വില്ലുപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണ്. വിദ്യാർത്ഥിയുടെ മരണത്തെ തുടർന്ന് സ്കൂളിന് അവധി പ്രഖ്യാപിച്ചു.