ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ നിന്ന് സഹയാത്രികനെ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. തമിഴ്നാട് സ്വദേശി സോനു മുത്തുവാണ് അറസ്റ്റിലായത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. ഞായറാഴ്ച രാത്രി പത്തരയോടെ മലബാർ എക്സ്പ്രസിൽ വച്ചാണ് സംഭവമുണ്ടായത്. സോനു മുത്തു എന്നയാളും മരിച്ച യുവാവും തമ്മിൽ തർക്കമുണ്ടായതായും ഇതിൻ്റെ ചിത്രീകരിച്ച ദൃശ്യങ്ങളുണ്ടെന്നും മറ്റൊരാൾ പൊലീസിനെ അറിയിച്ചിരുന്നു. കൊല്ലപ്പെട്ട വ്യക്തി ട്രെയിനിൻ്റെ വാതിലിന് സമീപമാണ് നിന്നിരുന്നത്. സാരമായി പരുക്കേറ്റ ഇദ്ദേഹത്തെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. യാത്രക്കാർ തന്നെയാണ് സോനു മുത്തുവിനെ പിടികൂടിയത്. സംഭവ സമയത്ത് പ്രതി മദ്യലഹരിയിലായിരുന്നു. പ്രതിയുടെ മൊഴിയും റെയിൽവേ പൊലീസ് പൂർണമായി വിശ്വാസത്തിലെടുത്തിട്ടില്ല.
