കോടിയേരി ബാലകൃഷ്ണൻ (69) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിൽ ശനിയാഴ്ച രാത്രി എട്ടു മണിയോടെയായിരുന്നു ആയിരുന്നു അന്ത്യം. അർബുദബാധ ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾഅദ്ദേഹത്തിനുണ്ടായിരുന്നു. ആരോഗ്യനില മോശമായ സാഹചര്യത്തിൽ സി.പി.എം. സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് മാറിയ ശേഷമായിരുന്നു കോടിയേരി വിദഗ്ധ ചികിത്സയ്ക്കു പുറപ്പെട്ടത്. കോടിയേരിയുടെ ആരോഗ്യനിലയിൽ ആശങ്ക ഉയർന്നതിനെ തുടർന്ന് ഇന്ന് യൂറോപിലേക്ക് പോകാനിരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ യാത്ര റദ്ദാക്കിയിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ അടക്കമുള്ള നേതാക്കൾ ചെന്നൈയിലെത്തിയിട്ടുണ്ട്.
കേരള രാഷ്ട്രീയത്തിൻ്റെ വലിയ നഷ്ടമാണ് കോടിയേരി ബാലകൃഷ്ണണൻ്റെ വേർപാട്. കണ്ണൂരിൽ നിന്നും യാത്ര തുടങ്ങിയാൽ പിണറായി കഴിഞ്ഞാണ് കോടിയേരി. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലെ സിപിഎം രാഷ്ട്രീയം എടുത്താലും പിണറായി കഴിഞ്ഞാൽ കോടിയേരി ആയിരുന്നു. കണ്ണൂരിൽ നിന്നും സംസ്ഥാന കമ്മിറ്റിയിലും, സെക്രട്ടറിയേറ്റിലും, കേന്ദ്രകമ്മിറ്റിയിലും പൊളിറ്റ് ബ്യുറോയിൽ എത്തുന്നതിലും, ഒടുവിൽ പാർട്ടി സംസ്ഥാന സെക്രട്ടറി പദത്തിലും ബാലകൃഷ്ണൻ വിജയന്റെ തുടർച്ചയായി.
ഓണിയൻ സ്കൂളിൽ എട്ടാംക്ലാസ് മുതൽ കോടിയേരി കൊടിപിടിച്ച് തുടങ്ങിയിരുന്നു.19 വയസ്, ബാലസംഘം നേതാവാകേണ്ട പ്രായത്തിലാണ് കോടിയേരി ലോക്കൽ കമ്മിറ്റി സെക്രട്ടറിയാകുന്നത്. അടിയന്തരാവസ്ഥാ കാലത്ത് അന്നത്തെ പ്രമുഖർക്കൊപ്പമുള്ള ജയിൽക്കാലംസംസ്ഥാനരാഷ്ട്രീയത്തിലേക്കുള്ള പരിശീലന കളരിയായി. ഇരുപതാം വയസിൽ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായതോടെ കോടിയേരിയും കണ്ണൂരും കടന്ന് ബാലകൃഷ്ണൻ വളർന്നു. 1982 ൽ തലശേരി എംഎൽഎ. തോൽവിയറിയാതെ പിന്നെയും നാല് തവണ നിയമസഭയിലേക്ക്. 90ൽ ഇപി ജയരാജെന മറികടന്ന് ജില്ലാ സെക്രട്ടറി.അന്ന് മുതൽ ഇങ്ങോട്ട് കോടിയേരി പിന്നിൽ പോയിട്ടില്ല . സഭക്ക് അകത്തും പുറത്തും.
1973ൽ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട കോടിയേരി 1979 വരെ ആ പദവിയിൽ തുടർന്നു. അടിയന്തരാവസ്ഥക്കാലത്ത് 16 മാസത്തോളം ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്. എസ്.എഫ്.ഐ അഖിലേന്ത്യ ജോയന്റ് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. 1980 മുതൽ 1982 വരെ ഡി.വൈ.എഫ്.ഐ. കണ്ണൂർ ജില്ല പ്രസിഡന്റിന്റെ ചുമതല വഹിച്ചു. 1988ൽ സി.പി.എം. സംസ്ഥാന കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1990 മുതൽ 1995 വരെ കണ്ണൂർ ജില്ല സെക്രട്ടറിയായും പ്രവർത്തിച്ചു. 1995ൽ കൊല്ലത്ത് നടന്ന സംസ്ഥാന സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടേറിയറ്റിലേക്കും 2002ൽ ഹൈദരാബാദിൽ നടന്ന പാർട്ടി കോൺഗ്രസിൽ കേന്ദ്ര കോൺഗ്രസിൽ കേന്ദ്ര കമ്മിറ്റിയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. 2008ൽ കോയമ്പത്തൂരിൽ നടന്ന പാർട്ടി കോൺഗ്രസിലാണ് പൊളിറ്റ് ബ്യൂറോ അംഗമായത്.