കാസർകോട്: കാസർകോട് തലക്ലായിലെ അഞ്ജുശ്രീ പാർവതി (19) മരിച്ചത് എലിവിഷം ഉള്ളിൽ ചെന്നാണെന്ന് രാസപരിശോധനാഫലം.കൂടിയ അളവിൽ എലിവിഷം ഉള്ളിൽ ചെന്നതാണ് മരണത്തിനിടയാക്കിയതെന്ന് കോഴിക്കോട് റീജിയണൽ ഫൊറൻസിക് ലാബിൽ നടത്തിയ പരിശോധനയിൽ തെളിഞ്ഞതായാണ് സൂചന.ഭക്ഷ്യവിഷബാധയെത്തുടർന്നാണ് അഞ്ജുശ്രീ മരിച്ചതെന്നാണ് ആദ്യഘട്ടത്തിൽ പ്രചാരണമുണ്ടായിരുന്നത്. എന്നാൽ, ഭക്ഷ്യസുരക്ഷാവകുപ്പ് ആ സാധ്യത തള്ളിക്കളഞ്ഞു. മൊഴികളിലെ വൈരുധ്യം കണക്കിലെടുത്തായിരുന്നു അത്. വിഷം ഉള്ളിൽച്ചെന്ന് കരൾ തകർന്നാണ് അഞ്ജുശ്രീ മരിച്ചതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലെയും സൂചന. ഇതോടെ അന്വേഷണം ശക്തമാക്കിയ പോലീസ് അഞ്ജുശ്രീയുടേതെന്ന് സംശയിക്കുന്ന ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി.സബ് ഡിവിഷണൽ മജിസ്ട്രേറ്റിന് കൈമാറി. സുഹൃത്തിന്റെ മരണവുമായി ബന്ധപ്പെട്ടുണ്ടായ മാനസികസമ്മർദം താങ്ങാനാകാതെ ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണ് കുറിപ്പിലെ സൂചന. അഞ്ജുശ്രീയുടേത് ആത്മഹത്യയാണെന്ന് ഉറപ്പിക്കുന്നതിനുള്ള ഡിജിറ്റൽ തെളിവുകളും പോലീസ് ശേഖരിച്ചിട്ടുണ്ട്.
