തിരുവനന്തപുരം: ട്രാക്ടറില്‍ നിയമവിരുദ്ധമായി ശബരിമലയില്‍ എത്തിയ എഡിജിപി എംആര്‍ അജിത് കുമാറിന് വിഐപി ദര്‍ശനത്തിനും സൗകര്യമൊരുക്കി. ഹരിവരാസന സമയത്ത് മറ്റു ഭക്തര്‍ക്ക് ദര്‍ശനം കിട്ടാത്ത വിധം മുന്നില്‍ നിന്ന അജിത് കുമാറിന് പ്രത്യേക പരിഗണന നൽകി അവിടെ നിൽക്കാൻ അനുവദിക്കുകയും അദ്ദേഹത്തിൻ്റെ പിറകിലൂടെ മറ്റ് ഭക്തരെ പൊലീസ് പിടിച്ചു മാറ്റുകയുമായിരുന്നു. നിയമവിരുദ്ധമായി ആറ് മിനിറ്റ് നേരം അജിത് കുമാര്‍ നടയ്ക്ക് മുന്നില്‍ നിന്നു. പൊലീസ് സംരക്ഷത്തിലാണ് അജിത് കുമാര്‍ ദര്‍ശനത്തിനായി മുന്നിലെത്തിയതെന്നാണ് വിവരം.
നടന്‍ ദിലീപിന് ശബരിമലയില്‍ വിഐപി പരിഗണന ലഭിച്ച ഘട്ടത്തില്‍ ഹൈക്കോടതി കടുത്ത നിലപാട് സ്വീകരിച്ചിരുന്നു. ദിലീപിനും സംഘത്തിനും പ്രത്യേക പരിഗണന ലഭിച്ചത് ഗൗരവകരമാണെന്നാണ് ഹൈക്കോടതി ചൂണ്ടിക്കാട്ടിയത്. എന്ത് പ്രത്യേക പരിഗണനയാണ് ഇത്തരം ആളുകള്‍ക്കുള്ളതെന്നും ഹൈക്കോടതി ചോദിച്ചിരുന്നു.
രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കൊപ്പം എംആര്‍ അജിത്കുമാര്‍ യാത്ര ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തായത്. ട്രാക്ടര്‍യാത്രയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടും എം ആര്‍ അജിത് കുമാറിനെതിരെ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. വിവാദ ട്രാക്ടര്‍ യാത്രയില്‍ ഒരു പൊലീസുകാരനെ പ്രതിയാക്കിയാണ് കേസ് എടുത്തിരിക്കുന്നത്. പമ്പ പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ എം ആര്‍ അജിത് കുമാറിന്റെ പേരുപോലും പരാമര്‍ശിക്കുന്നില്ല. അതേസമയം കാല്‍ വേദനിച്ചപ്പോള്‍ ട്രാക്ടറില്‍ കയറിയെന്നാണ് പൊലീസ് മേധാവി റാവഡ ചന്ദ്രശേഖറിന് എം ആര്‍ അജിത് കുമാര്‍ നല്‍കിയ വിശദീകരണം.