എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ വിധി ന്യായം പരിശോധിച്ച ശേഷമാകും നടപടി. പ്രൊസിക്യൂഷന്‍ തെളിവുകള്‍ നല്‍കുന്നതില്‍ പരാജയപ്പെട്ടുവെന്നാണ് കോടതി നിരീക്ഷിച്ചത്. എന്നാല്‍ ഇതൊരു അന്തിമവിധിയല്ല. വിചാരണക്കോടതി വിധിയെ ചോദ്യം ചെയ്ത് പ്രൊസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിക്കും.
വിധി അന്തിമമല്ലെന്നും മേല്‍ക്കോടതികളിനിയുമുണ്ടെന്നുമായിരുന്നു അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ച ബി സന്ധ്യ ഐപിഎസ് പ്രതികരിച്ചത്. അന്തിമ വിധി വരെ അതിജീവിതയ്ക്ക് ഒപ്പം അന്വേഷണ സംഘം ഉണ്ടാകും. ഗൂഢാലോചന കുറ്റം തെളിയിക്കല്‍ എപ്പോഴും ഒരു വെല്ലുവിളിയാണ്. മേല്‍ക്കോടതിയില്‍ എന്താണ് സംഭവിക്കുക എന്ന് നോക്കാമെന്നും അന്തിമ വിധി വരെ കാത്തിരിക്കാമെന്നും സന്ധ്യ പ്രതികരിച്ചു.












































































