ലോസ് ഏഞ്ചൽസ്: പാർക്കിങ് ഏരിയയിലേക്ക് കൊണ്ടുപോവുന്നതിനിടെ ഷട്ടിൽ ബസ്സുമായി കൂട്ടിയിടിച്ച് യാത്രാവിമാനത്തിന് കേടുപാടുകൾ. വെള്ളിയാഴ്ച രാത്രി അമേരിക്കയിലെ ലോസ് ഏഞ്ചൽസ് വിമാനത്താവളത്തിലാണ് എയർബസ് എ31 വിമാനം ഉൾപ്പെട്ട അപകടമുണ്ടായത്. സംഭവത്തിൽ അഞ്ചുപേർക്ക് പരിക്കേറ്റെങ്കിലും സാരമുള്ളതല്ല. പ്രാദേശിക സമയം രാത്രി പത്തുമണിയോടെ എയർപോർട്ട് ടെർമിനലിൻ്റെ തെക്കുഭാഗത്തുവെച്ചാണ് കൂട്ടിയിടിച്ചത്. യാത്രക്കാരെ ഇറക്കിയ ശേഷം ടാക്സി വേയിലൂടെ പാർക്കിങ് ഏരിയയിലേക്ക് കൊണ്ടുപോവുകയായിരുന്ന അമേരിക്കൻ എയർലൈൻസിൻ്റെ വിമാനം ഷട്ടിൽ ബസ്സുമായി കൂട്ടിയിടിക്കുകയായിരുന്നു.
















































































