ഇടുക്കിയിൽ പലയിടത്തും മണ്ണിടിച്ചിലും മലവെള്ള പാച്ചിലുമുണ്ടായി. ഇടുക്കി കുമളിയിൽ ശക്തമായ മഴ തുടരുകയാണ്. തോട് കര കവിഞ്ഞതിനെ തുടർന്ന് വീട്ടിൽ കുടുങ്ങിയ 5 പേരെ രക്ഷപ്പെടുത്തി.
42 കുടുംബങ്ങളെ സമീപത്തുള്ള ഹോളിഡേ ഹോം ഡോർമിറ്ററി ബിൽഡിങ്ങിലേക്കും മാറ്റി. കുമളി ചെളിമട ഭാഗത്തും, ആന വിലാസം ശാസ്തനട ഭാഗത്തും വെള്ളം പൊങ്ങി. വണ്ടിപ്പെരിയാർ, കക്കികവല ആറ്റിൽ വെള്ളം പൊങ്ങിയതിനെ തുടുർന്ന് സമീപത്തെ വീടുകളിൽ വെള്ളം കയറിയതോടെ ആളുകളെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി.
മുല്ലപ്പെരിയാർ ജലനിരപ്പ് 136 അടിക്ക് മുകളിൽ എത്തി. അതേസമയം, മുല്ലപ്പെരിയാർ ഷട്ടർ തുറക്കുമെന്ന് തമിഴ്നാട് അറിയിച്ചു. 13 ഷട്ടറുകൾ രാവിലെ 8 മണിക്ക് തുറക്കുമെന്ന് തമിഴ്നാട് അറിയിച്ചു. സെക്കന്റിൽ 5000 ഘനയടി വെള്ളം വരെ തുറന്നു വിടും. പെരിയാർ നദിയിൽ ജലനിരപ്പ് കുറവായതിനാലാണിത്. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല. എന്നാൽ ജലനിരപ്പ് 137 അടിയായി ഉയർന്നു. അതിനിടെ, ഇടുക്കി കല്ലാർ ഡാം തുറന്നു.