കോഴിക്കോട്: കോഴിക്കോട് പശുക്കടവിൽ വീട്ടമ്മ ബോബിയുടെ മരണത്തിൽ അയൽവാസിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പന്നികളെ പിടിക്കാൻ വെച്ച വൈദ്യുതിക്കെണിയിൽ നിന്ന് ഷോക്കേറ്റാണ് ബോബി മരിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
കസ്റ്റഡിയിലായ അയൽവാസിയെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. ഇയാളുടെ വീട്ടിൽ നിന്ന് വൈദ്യുതിക്കെണിയുമായി ബന്ധപ്പെട്ട ചില വസ്തുക്കളും കണ്ടെടുത്തു. ബോബിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് മരുതോങ്കര പഞ്ചായത്ത് പ്രസിഡന്റും നാട്ടുകാരും രംഗത്തെത്തിയിരുന്നു.
മരണം നടന്നതിന് ശേഷം തെളിവുകൾ നശിപ്പിക്കാൻ ശ്രമം നടന്നതായും ആരോപണങ്ങൾ ഉയർന്നുവന്നു. രണ്ട് ദിവസം മുൻപാണ് വീടിന് സമീപത്തുള്ള പറമ്പിൽ ബോബിയെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. വൈദ്യുതി വേലിയിൽ നിന്നാണ് ഷോക്കേറ്റതെന്നായിരുന്നു ആദ്യ നിഗമനം.