ബംഗളൂരു: ബംഗളൂരുവില്‍ ഭക്ഷണശാലയില്‍ നിന്ന് ബിരിയാണി കഴിച്ച് മടങ്ങുകയായിരുന്ന നാല് എഞ്ചിനീയറിംഗ് വിദ്യാർത്ഥികളെ തട്ടിക്കൊണ്ട് പോയി ഒന്നര ലക്ഷം രൂപ കവർച്ച ചെയ്തതായി പൊലീസ്.
ഡിസംബർ 21 ന് പുലർച്ചെ ഹോസ്കോട്ടിലെ ഒരു ഭക്ഷണശാലയില്‍ പോയി ഇരുചക്ര വാഹനങ്ങളില്‍ മടങ്ങുമ്പോഴാണ് സംഭവം നടന്നതെന്ന് വിദ്യാർത്ഥികള്‍ പറഞ്ഞു. പ്രതികളില്‍ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്, കെ.ജി. ഹള്ളി സ്വദേശിയായ അർഫത്ത് അഹമ്മദ് (24) എന്നയാളാണ് പിടിയിലായത്.
പൊലീസ് പറയുന്നതനുസരിച്ച് നാല് വിദ്യാർഥികളെയാണ് 10-12 പേരടങ്ങുന്ന ഒരു സംഘം തട്ടിക്കൊണ്ടുപോയി കവർച്ച ചെയ്തത്. ടോള്‍ പ്ലാസയ്ക്ക് സമീപത്ത് വെച്ച് കൊള്ളസംഘം തടഞ്ഞുനിർത്തുകയും മർദിക്കുകയും മൊബൈല്‍ ഫോണുകളും ഇരുചക്രവാഹനങ്ങളും അപഹരിക്കുകയും ചെയ്തു. പണം ആവശ്യപ്പെട്ട് വിദ്യാർഥികളെ ബന്ദികളാക്കുകയും ചെയ്തു.
സംഘാംഗങ്ങള്‍ വിദ്യാർഥികളുടെ പക്കലുണ്ടായിരുന്ന 40,000 രൂപ കൈക്കലാക്കിയതായും ഫോണ്‍പേ വഴി അവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് 1.10 ലക്ഷം രൂപ ട്രാൻസ്ഫർ ചെയ്തതായും പൊലീസ് പറഞ്ഞു. 'മെഡഹള്ളിക്ക് സമീപമുള്ള ഒരു ഷെഡിലേക്ക് വിദ്യാർഥികളെ കൊണ്ടുപോയി, അവിടെ നിന്ന് പണവും മൊബൈല്‍ ഫോണുകളും കൊള്ളയടിച്ചു.
പണം കിട്ടിയതിന് പിന്നാലെ വിദ്യാർഥികള്‍ക്ക് അവരുടെ ഇരുചക്ര വാഹനങ്ങള്‍ പിന്നീട് തിരികെ നല്‍കുകയും ചെയ്തു. എന്നാല്‍ ആദ്യം വിദ്യാര്‍ഥികള്‍ പരാതി നല്‍കാന്‍ തയ്യാറായിരുന്നില്ല. സംഭവത്തെക്കുറിച്ച് പൊലീസ് അറിഞ്ഞ് അവരെ സമീപിച്ചതിന് ശേഷമാണ് പരാതി നല്‍കിയതെന്ന് ബെംഗളൂരു പൊലീസ് കമ്മീഷണർ സീമന്ത് കുമാർ സിംഗ് പറഞ്ഞു.














































































