കോഴിക്കോട്: ഇസ്രയേല്‍ അധിനിവേശം ശക്തമായി തുടരുന്നതിനിടെ പലസ്തീന് ഐക്യദാര്‍ഢ്യവുമായി സമ്മേളനം നടത്താന്‍ ഇടത് മുന്നണി. ഗാന്ധി ജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിന് കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ നടക്കുന്ന സമ്മേളനത്തില്‍ ഇന്ത്യയിലെ പലസ്തീന്‍ അംബാസഡര്‍ അബ്ദുളള മുഹമ്മദ് അബു ഷവേഷ് മുഖ്യാഥിതിയാകും.
സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. എല്‍ഡിഎഫ് കോഴിക്കോട് ജില്ലാ കമ്മിറ്റിയാണ് സംഘാടകര്‍. ഇടതുമുന്നണിയിലെ നേതാക്കളും പരിപാടിയില്‍ പങ്കെടുക്കും. പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന എല്ലാവര്‍ക്കും പരിപാടിയില്‍ പങ്കെടുക്കാമെന്ന് എല്‍ഡിഎഫ് ജില്ലാ നേതൃത്വം പറഞ്ഞു. സിപിഐഎം നേതൃത്വം നല്‍കുന്ന ഭരണഘടനാ സംരക്ഷണ സമിതി 2023 നവംബര്‍ മാസത്തിലും കോഴിക്കോട് പലസ്തീന്‍ ഐക്യദാര്‍ഢ്യ സമ്മേളനം സംഘടിപ്പിച്ചിരുന്നു.
ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 25ന് പലസ്തീന് ഐക്യദാര്‍ഢ്യവുമായി മുസ്‌ലിം ലീഗ് സമ്മേളനം സംഘടിപ്പിച്ചിരുന്നു. എറണാകുളം മറൈന്‍ ഡ്രൈവിലായിരുന്നു സമ്മേളനം സംഘടിപ്പിച്ചത്. പലസ്തീന്‍ അംബാസഡര്‍ അബ്ദുളള മുഹമ്മദ് അബു ഷവേഷ് തന്നെയായിരുന്നു മുസ്‌ലിം ലീഗം സംഘടിപ്പിച്ച പരിപാടിയുടെയും മുഖ്യാതിഥി. പലസ്തീനില്‍ നടക്കുന്നത് മുസ്ലിം-ജൂത പ്രശ്നമല്ലെന്നും മാനുഷിക പ്രശ്നമാണെന്നുമായിരുന്നു അബ്ദുള്ള മുഹമ്മദ് അബു ഷവേഷ് പറഞ്ഞത്. പലസ്തീനികള്‍ അറബികളുടേതാണെന്ന് ഇന്ത്യ മുന്‍പ് അംഗീകരിച്ചതാണെന്നും എന്നാല്‍ ഇപ്പോള്‍ രാജ്യം ഭരിക്കുന്നവര്‍ അക്കാര്യം മറന്നുവെന്നും സമ്മേളനത്തില്‍ പങ്കെടുത്ത് പി കെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞിരുന്നു.