കൊല്ലം: കോൺഗ്രസ് നേതാവും മുൻ എംഎൽഎയും കെപിസിസി ജനറൽ സെക്രട്ടറിയുമായ ജി. പ്രതാപവർമ തമ്പാൻ (63) അന്തരിച്ചു. വീട്ടിലെ ശുചിമുറിയിൽ കാൽ വഴുതിവീണ് പരിക്കേറ്റ തമ്പാനെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയായിരുന്നു അന്ത്യം. 2012 മുതൽ 2014 വരെ ഡിസിസി പ്രസിഡന്റായി പ്രവർത്തിച്ച ജി. പ്രതാപവർമ തമ്പാൻ മുൻ ചാത്തന്നൂർ എംഎൽഎയാണ്.
യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, കെഎസ്യുവിന്റെ ഏക ജനറൽ സെക്രട്ടറി, സംസ്ഥാന ട്രഷറർ, കെപിസിസി നിർവാഹക സമിതിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കുണ്ടറ പേരൂർ സ്വദേശിയായ ഇദ്ദേഹം എംഎ, എൽഎൽബി ബിരുദധാരിയുമാണ്.