തിരുവനന്തപുരം: റിപ്പോർട്ടർ ചാനലിനെതിരെ കേസെടുത്ത് തിരുവനന്തപുരം സിറ്റി സൈബർ പൊലീസ്. വട്ടിയൂർക്കാവ് യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരൻ്റെ പരാതിയിലാണ് കേസെടുത്തത്. കോൺഗ്രസ് റാലിയിൽ ആളെ കൂട്ടാൻ പരസ്യം നൽകിയെന്ന റിപ്പോർട്ടർ ചാനലിൻ്റെ വാർത്തയിലാണ് പരാതി. വ്യാജ വാർത്തയിലൂടെ പ്രകോപനം സൃഷ്ടിക്കുകയും ലഹള ഉണ്ടാക്കാൻ പ്രേരിപ്പിച്ചതായും പൊലീസിന്റെ എഫ്ഐആറില്‍ പറയുന്നു. പവർ സപ്ലൈ ആപ്പിൻ്റെ വാട്സ്ആപ്പ് ഗ്രൂപ്പിലായിരുന്നു റാലിക്ക് 20 പേരെ ആവശ്യപ്പെട്ട് പരസ്യം വന്നത്. കോൺഗ്രസ് നേതൃത്വം പരസ്യം നിഷേധിച്ചിരുന്നു.
പ്രചാരണത്തില്‍ സിപിഎം സ്ഥാനാര്‍ത്ഥി വി കെ പ്രശാന്തിനെതിരെ കെ മുരളീധരന്‍ തെരഞ്ഞെടുപ്പ് കമ്മീഷനും ഡിജിപിക്കും പരാതി നല്‍കിയിട്ടുണ്ട്. തോൽക്കുമെന്ന ഭയത്താലാണ് സിപിഎം ഇത്തരം പ്രചരണങ്ങള്‍ നടത്തുന്നത്. വി കെ പ്രശാന്താണ് ഇതിന് പിന്നിലെന്നും മുരളീധരന്‍ ആരോപിച്ചു.














































































