സ്‌ട്രോക്ക് അല്ലെങ്കില്‍ പക്ഷാഘാതം പെട്ടെന്ന് വരുന്ന സംഭവമായിട്ടാണ് കണക്കാക്കപ്പെടുന്നത്. സ്‌ട്രോക്ക് വരുന്നതിന് മുന്‍പുതന്നെ ശരീരം മുന്നറിയിപ്പ് സൂചനകള്‍ കാണിച്ചുതുടങ്ങും. സ്‌ട്രോക്ക് വരുന്നതിന് മുന്നോടിയായി ഉണ്ടാകുന്ന ലക്ഷണങ്ങളും അവയുടെ പിന്നിലെ കാരണങ്ങളെക്കുറിച്ചും അറിയാം.
പെട്ടന്നുള്ളതും തീവ്രവുമായ തലവേദന
പെട്ടെന്നുണ്ടാകുന്നതും തീവ്രവുമായ തലവേദന തലച്ചോറില്‍ രക്തം കട്ടപിടിക്കുന്നതിന്റെ സൂചന ആയിരിക്കും. സാധാരണയില്‍നിന്ന് വ്യത്യസ്തമായി കഠിനമായതും പെട്ടെന്നുള്ളതുമായ തലവേദന തോന്നുകയാണെങ്കില്‍ അത് തലച്ചോറിലെ വര്‍ധിച്ചുവരുന്ന സമ്മര്‍ദ്ദത്തിന്റെ ഫലമായിരിക്കും. ഓക്കാനമോ കാഴ്ച വൈകല്യങ്ങളോ തലവേദനയുടെ ഭാഗമായി വരാം.
മൈഗ്രേന്‍ അല്ലെങ്കില്‍ ടെന്‍ഷന്‍ തലവേദന പോലെ ഇത് തോന്നാം. തലവേദനയോടൊപ്പം ഛര്‍ദിയോ ആശയക്കുഴപ്പമോ ഉണ്ടാകുമ്പോള്‍ ഇത് ഗൗരവമായി എടുക്കേണ്ടതുണ്ട്. ഈ സാഹചര്യങ്ങളില്‍ ഉടനടി വൈദ്യസഹായം തേടേണ്ടതാണ്.
കാരണമൊന്നും ഇല്ലാതെ ഇക്കിള്‍ ഉണ്ടാവുക
സ്ത്രീകളില്‍ തുടര്‍ച്ചയായ ഇക്കിള്‍ ഉണ്ടാകുന്നത് സ്‌ട്രോക്കിന്റെ സൂചനയായി കണക്കാക്കാറുണ്ട്. ശ്വസനത്തെയും വിഴുങ്ങലിനെയും നിയന്ത്രിക്കുന്ന തലച്ചോറിലെ ഒരു ഭാഗമായ മെഡുലയെ സ്‌ട്രോക്ക് ബാധിക്കുമ്പോഴാണ് ഇങ്ങനെ ഉണ്ടാകുന്നത്. ഈ ഇക്കിള്‍ നിരുപദ്രവമെന്ന് തോന്നുമെങ്കിലും മണിക്കൂറുകളോ ദിവസങ്ങളോ നീണ്ടുനില്‍ക്കുകയും അതോടൊപ്പം ബലഹീനത, സംസാരിക്കാന്‍ ബുദ്ധിമുട്ട് എന്നിവ ഉണ്ടാവുകയും ചെയ്താല്‍ തീര്‍ച്ചയായും ഡോക്ടറുടെ സേവനം തേടേണ്ടതാണ്.
നെഞ്ചുവേദന
സ്‌ട്രോക്കുമായി ബന്ധപ്പെട്ട നെഞ്ചുവേദന ഹൃദയാഘാതവുമായി ബന്ധപ്പെട്ടുളള സമ്മര്‍ദ്ദം പോലെയല്ല. ഇത്തരം നെഞ്ചുവേദനയ്ക്ക് മുറുക്കമുള്ളതോ, എരിച്ചിലോ പോലെയുള്ള അസ്വസ്ഥത തോന്നാം. ഇത് ചിലപ്പോള്‍ അസിഡിറ്റിയോ ദഹനക്കേടോ ആയി തെറ്റിദ്ധരിക്കപ്പെട്ടേക്കാം. ചില സന്ദര്‍ഭങ്ങളില്‍ തലച്ചോറില്‍ രക്തം കട്ടപിടിക്കുന്നതിന് മുന്നോടിയായി ഉണ്ടാകുന്ന ഓക്‌സിജന്‍ വിതരണം കുറയുന്നതുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു. ഇത്തരം ലക്ഷണം ഒരിക്കലും അവഗണിക്കരുത്.
സമ്മര്‍ദ്ദത്തിലായിരിക്കുമ്പോള്‍ ഓക്കാനം അല്ലെങ്കില്‍ ഛര്‍ദി ഉണ്ടാകുന്നു
നമ്മള്‍ സമ്മര്‍ദ്ദത്തിലായിരിക്കുമ്പോള്‍ രക്തക്കുഴലുകള്‍ ചുരുങ്ങാന്‍ കാരണമാകുന്ന ഹോര്‍മോണുകളായ കോര്‍ട്ടിസോള്‍ അഡ്രിനാലിന്‍ എന്നിവ പുറത്തുവിടുന്നു. പ്രമേഹം ഉള്ളവരില്‍ ഈ ഹോര്‍മോണുകള്‍ രക്തം കട്ടപിടിക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും. തലച്ചോറ് പെട്ടെന്നുള്ള ആന്തരിക സമ്മര്‍ദ്ദങ്ങളോട് പ്രതികരിക്കുന്നതിന്റെ ഭാഗമായാണിത്.
ഓക്കാനം സ്‌ട്രോക്കുമായി ബന്ധപ്പെട്ട ലക്ഷണങ്ങളുമായി അപൂര്‍വ്വമായേ ബന്ധപ്പെട്ടിട്ടുളളൂ. പഞ്ചസാരയുടെയും അന്നജത്തിന്റെയും അളവ് പരിമിതപ്പെടുത്തി രക്തത്തിലെ പഞ്ചസാര നിയന്ത്രണത്തില്‍ നിര്‍ത്തുന്നത് അപകട സാധ്യത കുറയ്ക്കും. സമ്മര്‍ദ്ദമുള്ളപ്പോള്‍ ഓക്കാനം കൂടി ഉണ്ടാകുന്നവര്‍ തീര്‍ച്ചയായും ഒരു ഡോക്ടറുടെ സേവനം തേടേണ്ടതാണ്.