കോട്ടയം നഗരസഭയിലെ പെൻഷൻ തട്ടിപ്പ് കേസിൽ പ്രതിയെ വിട്ടുകിട്ടാൻ വിജിലൻസ് ഇന്ന് കസ്റ്റഡി അപേക്ഷ സമർപ്പിക്കും. അഞ്ച് ദിവസത്തെ കസ്റ്റഡിയാണ് അന്വേഷണ സംഘം ആവശ്യപ്പെടുന്നത്. കഴിഞ്ഞ ദിവസമാണ് ജീവനക്കാരനായ അഖിൽ സി വർഗീസ് പിടിയിലായത്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കണമെന്ന് സി.പി.ഐ.എം ആവശ്യപ്പെട്ടു. യുഡിഎഫിന്റെ കെടുകാര്യസ്ഥതയാണ് തട്ടിപ്പിന് കാരണമെന്ന് സി.പി.ഐ.എം ജില്ലാ സെക്രട്ടറി റ്റി.ആർ.രഘുനാഥൻ പറഞ്ഞു.
കോട്ടയം നഗരസഭയിലെ പെൻഷൻ ഫണ്ടിൽ നിന്ന് മൂന്ന് കോടി രൂപ തട്ടിച്ച് ഒരുവർഷമായി മുങ്ങി നടക്കുകയായിരുന്നു മുൻ ക്ലർക്ക് കൊല്ലം മങ്ങാട് ആൻസിഭവനിൽ അഖിൽ സി വർഗീസ്. ഇയാൾ ഒളിവിൽ കഴിഞ്ഞ കൊല്ലത്തെ കൈലാസ് റസിഡൻസി ലോഡ്‌ജിൽനിന്നാണ് കോട്ടയം വിജിലൻസ് ഇൻസ്പെക്ടർ മഹേഷ് പിള്ളയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.