പെരുമ്പാവൂർ: സ്ലാബുകൾക്കിടയിൽ കാൽ കുരുങ്ങി 62കാരിക്ക് പരിക്കേറ്റു. പെരുമ്പാവൂർ പിഷാരിക്കൽ സ്വദേശിനി നളിനിക്കാണ് പരിക്കേറ്റത്. പെരുമ്പാവൂർ ക്ഷേത്രത്തിന് സമീപത്തുള്ള വൺവേ റോഡിലാണ് സംഭവം. ഇവർ രാവിലെ ജോലിസ്ഥലത്തേക്ക് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്.
ഇന്ന് രാവിലെ 8.30ന് ആയിരുന്നു അപകടം. ഇവിടെ പലയിടങ്ങളിലും റോഡരികിലെ കാനയ്ക്ക് മുകളിൽ വിരിച്ചിരിക്കുന്ന സ്ലാബുകൾ ഇളകി മാറിയ അവസ്ഥയിലാണ്. സ്ലാബുകൾക്കിടയിലേക്ക് വീട്ടമ്മയുടെ കാൽ അകപ്പെടുകയായിരുന്നു.
പൊതുപ്രവർത്തകരുടെയും നാട്ടുകാരുടെയും സഹായത്തോടെ നളിനിയെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചു. പരിക്ക് ഗുരുതരമല്ല. സ്ലാബുകള്‍ ഇളകിക്കിടക്കുന്നത് നേരത്തെ തന്നെ അധികൃതരെ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ലെന്ന് നാട്ടുകാര്‍ പറയുന്നു.












































































