കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ നടൻ ഉണ്ണി മുകുന്ദന് വേണ്ടി വ്യാജരേഖ ഹാജരാക്കിയിട്ടില്ലെന്ന് അഡ്വ. സൈബി ജോസ്.കേസിൻ്റെ വിചാരണ തടഞ്ഞുകൊണ്ടുള്ള ഉത്തരവ് ഹൈക്കോടതി നീക്കിയതിന് പിന്നാലെയാണ് സൈബി ജോസിൻ്റെ വിശദീകരണം. ജഡ്ജിയുടെ പേരിൽ കൈക്കൂലി വാങ്ങിയ കേസിൽ പ്രതിയായ അഡ്വ. സൈബി ജോസ് ഹാജരായി അനുകൂല വിധി വാങ്ങിയ കേസിലാണ് ഹൈക്കോടതിയുടെ നടപടി. പരാതിക്കാരിക്ക് കേസുമായി മുന്നോട്ട് പോകാൻ താല്പര്യമില്ലെന്ന് ഇ-മെയിൽ വഴി അറിയിച്ചിരുന്നു. ഈ രേഖയാണ് കോടതിക്ക് കൈമാറിയതെന്നാണ് അഭിഭാഷകനായ സൈബി ജോസിൻ്റെ വിശദീകരണം. ഇമെയിൽ വിശദാംശങ്ങൾ അടക്കം മുഴുവൻ തെളിവും ഹൈക്കോടതിക്ക് കൈമാറുമെന്നും തനിക്കെതിരെ നടക്കുന്നത് വ്യാജ പ്രചരണങ്ങൾ ആണെന്നും സൈബി ജോസ് പറഞ്ഞു.
