മണിപ്പൂര്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ ഇംഫാലില്‍ നിന്നുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ക്ക് 10 ഇരട്ടിയോളം വര്‍ധന.
രാജ്യത്തുനിന്ന് ആയിരക്കണക്കിന് ആളുകള്‍ പലായനം ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇത് മുതലെടുത്തുകൊണ്ട്വിമാനക്കമ്പനികളുടെ കൊള്ള. മണിപ്പൂരില്‍ ആഭ്യന്തര കലാപം അതിരൂക്ഷമായി തുടരുകയാണ്. മെയ് മൂന്നിനാണ് സംസ്ഥാനത്ത് കലാപം പൊട്ടിപ്പുറപ്പെട്ടത്.
സാധാരണയായി ഇംഫാലില്‍ നിന്ന് കൊല്‍ക്കത്ത വരെ 2,500 മുതല്‍ 5,000 രൂപ വരെയാണ് ഒരാള്‍ക്കുള്ള വിമാന ടിക്കറ്റ് നിരക്ക് എന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇംഫാലില്‍ നിന്ന് ഗുവാഹത്തിയിലേക്കും ഏകദേശം ഇതേ നിരക്കാണ്.
എന്നാല്‍, മണിപ്പൂരില്‍ കലാപം ആരംഭിച്ചതോടെ ഇംഫാലില്‍ നിന്ന് ഗുവാഹത്തി വരെയുള്ള വിമാന ടിക്കറ്റ് നിരക്ക് 12,000 മുതല്‍ 25,000 രൂപ വരെയായി വര്‍ധിച്ചു. ഇംഫാലില്‍ നിന്ന് ഗുവാഹത്തി വരെ സഞ്ചരിക്കാന്‍ 15,000 രൂപ വരെ നല്‍കണം.
അതേസമയം, ആക്രമണങ്ങള്‍ക്കിടയില്‍ മണിപ്പൂരില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപെടുത്താന്‍ എയര്‍ ഇന്ത്യ പ്രത്യേക ഡല്‍ഹി-ഇംഫാല്‍-ഡല്‍ഹി വിമാനം സര്‍വീസ് ആരംഭിച്ചിട്ടുണ്ട്. ഇന്നലെ ഉച്ചയ്ക്ക് 12.35ന് ഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ട വിമാനം 10 കൈക്കുഞ്ഞുങ്ങളടക്കം 159 യാത്രക്കാരുമായാണ് ഇംഫാലില്‍ നിന്ന് മടങ്ങിയത്.