ഇന്ത്യൻ സിനിമയുടെ നേർക്കാഴ്ചയുമായി കോട്ടയം രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് തുടക്കം. തിരുവനന്തപുരം കഴിഞ്ഞാൽ നടക്കുന്ന എറ്റവും വലിയ സിനിമാ ഫെസ്‌റ്റിവൽ.
സിനിമാ പ്രേമികളെ മനസിലേക്ക് ലോകസിനിമകൾ വിരുന്നെത്തിയ 'കോട്ടയം രാജ്യാന്തര ചലച്ചിത്ര മേള'യ്‌ക്ക് കോട്ടയം അനശ്വര തീയറ്ററിൽ മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്‌തു. തിരുവനന്തപുരം കഴിഞ്ഞാൽ സംസ്ഥാനത്ത് നടക്കുന്ന എറ്റവും വലിയ സിനിമാ ഫെസ്‌റ്റിവലാണ് കോട്ടയം രാജ്യാന്തര ചലച്ചിത്ര മേളയെന്ന് മന്ത്രി പറഞ്ഞു. ഫെസ്‌റ്റിവലിന് എല്ലാ സഹായവും ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിചേർത്തു.
തിരവഞ്ചൂർ രാധാകൃഷ്‌ണൻ എംഎൽഎ അധ്യക്ഷനായി. സംവിധായകൻ എം പി സുകുമാരൻ നായർ മുഖ്യാഥിയായി. ഫെസ്റ്റിവൽ രക്ഷാധികാരി ജൂബിലി ജോയി തോമസ്, കിഫ് ഫെസ്റ്റിവൽ ചെയർമാനും ചലച്ചിത്ര സംവിധായകനുമായ ജയരാജ്, മാക്‌ട ചെയർമാൻ ജോഷി മാത്യു, ഫെസ്റ്റിവൽ സെക്രട്ടറി പ്രദീപ് നായർ, യൂണിയൻ ബാങ്ക് ഡപ്യൂട്ടി റീജിയണൽ മാനേജർ എൻ ആർ രേണുക, ജനറൽ കൺവീനർ വിനോദ് ഇല്ലമ്പള്ളി എന്നിവർ സംസാരിച്ചു. തുടർന്ന് ഉദ്ഘാടന ചിത്രമായ 78– -ാമത് കാൻ ഫെസ്റ്റിവലിൽ ജൂറി പ്രൈസ് നേടിയ ഒളിവർ ലാക്സെ സംവിധാനം ചെയ്‌ത സ്‌പാനിഷ് സിനിമ 'സിറാത്' പ്രദർശിപ്പിച്ചു.
രാവിലെ എൻഎഫ്ഡിസി പാക്കേജ് സിനിമകളുടെ ഉദ്‌ഘാടനം എഴുത്തുകാരൻ എസ് ഹരീഷ് നിവർഹുച്ചു. കോട്ടയം സിനിമാ പൈതൃകം എന്ന വിഭാഗം സംവിധാ യകൻ ജിയോ ബേബി ഉദ്ഘാടനം ചെയ്‌തു. ഇബിബി ആയിരുന്നു ഇൗ വിഭാഗത്തിൽ ഉദ്‌ഘാടന ചിത്രം.
കോട്ടയം ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാന ചലച്ചിത്ര അക്കാദമി, ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷൻ എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ചിരിക്കുന്ന മേള 26ന് സമാപിക്കും. കാൻ, വെനീസ് അടക്കം വിവിധ മേളകളിൽ തിളങ്ങിയ ചിത്രങ്ങളോടൊപ്പം ഇന്ത്യൻ സിനിമയുടെ പ്രാദേശിക വൈവിധ്യവും നിറഞ്ഞ് നിൽക്കുന്ന മേളയിൽ 35 ചിത്രങ്ങൾ പ്രദർശിപ്പിക്കും. കോട്ടയത്തിന്റെ സിനിമാ പൈതൃകം രേഖപ്പെടുത്തുന്ന എഴ് ചിത്രങ്ങളും പ്രദർശനത്തിനുണ്ട്. കാനിൽ ഗ്രാന്റ് പ്രീ നേടിയ "സെന്റിമെന്റൽ വാല്യു' ആണ് സമാപനചിത്രം.














































































