കോട്ടയം ജില്ലയിൽ ഭക്ഷ്യവിഷബാധയേറ്റ പശുക്കളുടെ എണ്ണം ഉയരുന്നു. ജില്ലയിൽ വിവിധ പ്രദേശങ്ങളിലായി ഇന്നലെ രോഗം സ്ഥിരീകരിച്ചത് 104 പശുക്കൾക്കാണ്. ആർപ്പൂക്കര, കൊഴുവനാൽ, മുളക്കുളം, ഞീഴൂർ, കടുത്തുരുത്തി, മീനടം, കടപ്ലാമറ്റം, പാമ്പാടി, കറുകച്ചാൽ, അതിരമ്പുഴ, വാഴൂർ എന്നിവിടങ്ങളിലായി 23 കർഷകരുടെ 104 പശുക്കൾക്കാണു ഭക്ഷ്യവിഷബാധയേറ്റത്.പാമ്പാടി ഈസ്റ്റ് ക്ഷീരസംഘത്തിനു കീഴിൽ 30 പശുക്കളും, ചമ്പക്കര സംഘത്തിനു കീഴിൽ 27 പശുക്കളും അത്യാസന്ന നിലയിലാണ്.

സംഭവത്തിൽ ജില്ലയിലെ മൃഗസംരക്ഷണ വകുപ്പോ ക്ഷീര
വകുപ്പോ കാര്യമായ നടപടിയൊന്നും എടുത്തിട്ടില്ലെന്നും ആക്ഷേപമുണ്ട്.
ഭക്ഷ്യവിഷബാധയ്ക്കു കാരണമായ കാലിത്തീറ്റ കമ്പനി ചികിത്സാ സൗകര്യങ്ങളൊരുക്കുമെന്നും
മരുന്നുകൾ നൽകുമെന്നും പറഞ്ഞെങ്കിലും അത്തരത്തിലുള്ള സഹായങ്ങളൊന്നും
ലഭിച്ചിട്ടില്ലെന്നു കർഷകർ പറഞ്ഞു. പശുക്കളുടെ കരളിനെയാണു രോഗം ബാധിക്കുന്നത്.
അതിനാൽ വിലയേറിയ ലിവർ ടോണിക്കുകൾ സ്വന്തമായി വാങ്ങി നൽകുകയാണെന്നും കർഷകർ ആരോപിക്കുന്നു.