കോട്ടയം : സംക്രാന്തി - പേരൂര്‍ റൂട്ടില്‍ ഭർത്താവിനൊപ്പം യാത്ര ചെയ്യുന്നതിനിടെ ബൈക്ക് റോഡിലെ കുഴിയില്‍ ചാടിയതിനെ തുടർന്നു റോഡിലേക്കു വീണു ഗുരുതരമായി പരുക്കേറ്റ ചികിത്സയിലായിരുന്ന യുവതി മരിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു.
ഗാന്ധിനഗർ മുടിയൂർക്കര ഇടിവെട്ടുംകാലായില്‍ അഖില്‍മോൻ്റെ ഭാര്യ പ്രവിത (28) ആണ് മരിച്ചത്. ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ ആറാട്ട് ദിവസമായിരുന്നു അപകടം.
ആറാട്ടിനു ശേഷം രാത്രിയോടെ പ്രവിതയും ഭർത്താവും മുടിയൂർക്കരയിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഈ സമയം പേരൂർ ബ്ലസിപ്പടിയില്‍ വാട്ടർ അതോറിട്ടിയുടെ മാൻഹോളിലെ ഗട്ടറില്‍ ഇവർ സഞ്ചരിച്ച ബൈക്ക് ചാടുകയായിരുന്നു. രാത്രിയാണ് സംഭവം നടന്നത് എന്നതിനാല്‍ അത് ഒരു കുഴിയാണ് എന്ന് തിരിച്ചറിയാൻ സാധിച്ചിരുന്നില്ല. ഇതാണ് അപകടത്തിന് കാരണം.
ഈ സമയം ബൈക്കിന്റെ പിന്നില്‍ നിന്നും പ്രവിത റോഡിലേക്ക് തെറിച്ച് വീണു. ഗുരുതരമായി പരുക്കേറ്റ പ്രവിത അഞ്ചു ദിവസമായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ശേഷം മരണത്തിന് കീഴട ങ്ങുകയായിരുന്നു.
ബ്ലസിപ്പടിയില്‍ വാട്ടർ അതോറിട്ടിയുടെ മാൻഹോളിലെ ഗട്ടറില്‍ വാഹനങ്ങള്‍ ചാടുന്നത് പതിവാണ്. നിരവധി പരാതികളും ഇതേക്കുറിച്ച് ഉയർന്നെങ്കിലും യാതൊരു നടപടിയും ഇന്നേ വരെ ഉണ്ടായിട്ടില്ല. റോഡ് ടാർ ചെയ്തതോടെയാണ് ഇവിടം ഒരു കുഴിയായി മാറിയത്. ടാർ ചെയ്ത ശേഷം എയർ വാല്‍വിൻ്റെ മൂടി കൂടി ഉയർത്തിയിരുന്നു എങ്കില്‍ അപകടം സംഭവിക്കില്ലായിരുന്നു എന്ന് ജനങ്ങള്‍ പറയുന്നു. അധികൃതരുടെ അനാസ്ഥയാണ് പ്രവിതയുടെ ജീവൻ എടുത്തതെന്നു ജനങ്ങള്‍ പറയുന്നു.
പ്രവിതയുടെ സംസ്‌കാരം ഇന്നു ഉച്ചകഴിഞ്ഞ് മൂന്നിനു വീട്ടുവളപ്പില്‍ നടക്കും.














































































