തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ ശേഷിക്കെ സെമിഫൈനല്‍ കണക്കെ സംസ്ഥാനത്ത് തദ്ദേശതിരഞ്ഞെടുപ്പിന് തിരിതെളിഞ്ഞു. ഡിസംബർ 9,11 തീയതികളിലായാണ് വോട്ടെടുപ്പെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ.ഷാജാഹാൻ ഇന്നലെ വാർത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതോടെ സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. വോട്ടെണ്ണല്‍ ഡിസംബർ 13ന്.
രാവിലെ 7മുതല്‍ വൈകിട്ട് 6വരെയാണ് വോട്ടെടുപ്പ്. ഏഴു തെക്കൻ ജില്ലകളില്‍ ആദ്യഘട്ടത്തിലും ശേഷിക്കുന്ന ഏഴു ജില്ലകളില്‍ രണ്ടാംഘട്ടത്തിലും വോട്ടെടുപ്പ് നടക്കും. രണ്ടുഘട്ടങ്ങളിലെയും വിജ്ഞാപനം നവംബർ 14ന് ഇറങ്ങും. വോട്ടെണ്ണല്‍ ഒരുമിച്ച് ഡിസംബർ 13ന് രാവിലെ എട്ടിന് ആരംഭിക്കും. തുടർ നടപടികള്‍ 18ന് പൂർത്തിയാകും. ഡിസംബർ 20നാണ് നിലവിലെ ഭരണസമിതികളുടെ കാലാവധി തീരുന്നത്.
സംസ്ഥാനത്തെ 1200 തദ്ദേശസ്ഥാപനങ്ങളില്‍ കാലാവധി പൂർത്തിയായിട്ടില്ലാത്ത മട്ടന്നൂർ ഒഴികെയുള്ള 1199 തദ്ദേശസ്ഥാപങ്ങളിലേക്കാണ് വോട്ടെടുപ്പ്. വാർഡുവിഭജനത്തിനുശേഷം ആകെ 23,612 വാർഡുകളാണുള്ളത്. മുൻപ് 21,900ആയിരുന്നു. മട്ടന്നൂരിലെ 36 ഒഴിവാക്കി 23,576 വാർഡുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുക. 941ഗ്രാമപഞ്ചായത്തുകളും 152ബ്ളോക്കുപഞ്ചായത്തുകളും14ജില്ലാപഞ്ചായത്തുകളും 87മുനസിപ്പാലിറ്റികളും 6കോർപ്പറേഷനുകളാണ് സംസ്ഥാനത്തുള്ളത്.
വോട്ടെണ്ണാൻ 244 കേന്ദ്രങ്ങള്‍
വോട്ടെണ്ണലിന് 244 കേന്ദ്രങ്ങള്‍. വ്യാജവാർത്തകള്‍ നിരീക്ഷിക്കാനും ചെലവ് നിരീക്ഷിക്കാനും നിരീക്ഷരുണ്ടാകും. ഹരിതചട്ടം നിർബന്ധം. കേന്ദ്ര ഇലക്ഷൻകമ്മിഷന്റെ എസ്.ഐ.ആർ നടക്കുന്നത് തദ്ദേശ ഇലക്ഷൻ നടപടികളെ ബാധിക്കില്ല. പ്രശ്നബാധിത പോളിംഗ് ബൂത്തുകളുടെ കണക്ക് പിന്നീട് അറിയിക്കും.
തിരഞ്ഞെടുപ്പ് കലണ്ടർ
*ആദ്യഘട്ടം വോട്ടെടുപ്പ് ഡിസംബർ 9 : തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട,ആലപ്പുഴ, കോട്ടയം,എറണാകുളം
*രണ്ടാംഘട്ടം ഡിസംബർ13: തൃശൂർ,പാലക്കാട്,മലപ്പുറം,കോഴിക്കോട്,വയനാട്,കണ്ണൂർ,കാസർകോട്
*വോട്ടെടുപ്പ് : രാവിലെ 7മുതല്‍ വൈകിട്ട് 6വരെ
-പത്രികാസമർപ്പണം: നവംബർ 14മുതല്‍ 21വരെ
*സൂക്ഷ്മ പരിശോധന: 22
*പിൻവലിക്കാനുള്ള അവസാനതീയതി: 24
2020ലെ ജനവിധി
*കോർപറേഷൻ 6: ഇടതുമുന്നണി 5,ഐക്യമുന്നണി1,എൻ.ഡി.എ 0
*ജില്ലാപഞ്ചായത്ത് 14: ഇടതുമുന്നണി 11,ഐക്യമുന്നണി 3,എൻ.ഡി.എ 0
*മുനിസിപ്പാലിറ്റി 87: ഇടതുമുന്നണി 44, ഐക്യമുന്നണി 41, എൻ.ഡി.എ 2
*ബ്ളോക്ക് പഞ്ചായത്ത് 152: ഇടതുമുന്നണി 113,ഐക്യമുന്നണി 38, എൻ.ഡി.എ.0,മറ്റുള്ളവർ 1
*ഗ്രാമപഞ്ചായത്ത് 941: ഇടതുമുന്നണി 571,ഐക്യമുന്നണി 351,എൻ.ഡി.എ 12,മറ്റുള്ളവർ 7
പെരുമാറ്റച്ചട്ടം
തിരഞ്ഞെടുപ്പിന്റെ സമയക്രമം പ്രഖ്യാപിച്ച ഇന്നലെ മുതല്‍ പെരുമാറ്റച്ചട്ടം നിലവില്‍വന്നു. തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാകുന്ന ഡിസംബർ 18 വരെ തുടരും.
പുതിയ പദ്ധതികള്‍ നടത്താൻ പാടില്ല.അടിയന്തര പദ്ധതികള്‍ക്ക് കമ്മിഷന്റെ അനുമതി തേടണം. ഉദ്യോഗസ്ഥരെ സ്ഥലം മാറ്റണമെങ്കിലും അനുമതി വേണം. ജനപ്രതിനിധികള്‍ ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കാൻ പാടില്ല. സർക്കാർ വാഹനം പ്രചാരണത്തിന് ഉപയോഗിക്കരുത്. മന്ത്രിമാരുള്‍പ്പെടെ ഔദ്യോഗിക വാഹനം ഉപയോഗിക്കരുത് തുടങ്ങിയ കർശന നിർദ്ദേശങ്ങളാണ് ഇതോടെ നിലവില്‍വരുന്നത്.












































































