ഫരീദാബാദ്: വീട്ടിനുള്ളില്‍ എ.സി. പൊട്ടിത്തെറിച്ച് ഫരീദാബാദില്‍ ഗൃഹ നാഥനും ഭാര്യയും മകളും വളര്‍ത്തുനായയും മരിച്ചു. മകന്‍ ജനലില്‍ കൂടി പുറത്തേക്ക് ചാടിയതിനാല്‍ രക്ഷപ്പെട്ടു. നാല് നില കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് സ്‌ഫോടനമുണ്ടായത്. തുടര്‍ന്ന് ഇടതൂര്‍ന്ന പുക രണ്ടാം നിലയിലേക്ക് വ്യാപിച്ചു. സച്ചിന്‍ കപൂര്‍, അദ്ദേഹത്തിന്റെ ഭാര്യ റിങ്കു കപൂര്‍, മകള്‍ സുജന്‍ കപൂര്‍ എന്നിവരാണ് മരിച്ചത്.
തിങ്കളാഴ്ച കപൂര്‍ കുടുംബം ഉറങ്ങിക്കിടക്കുമ്പോള്‍ എയര്‍ കണ്ടീഷണറിന്റെ കംപ്രസ്സര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. പുലര്‍ച്ചെ 1:30 ഓടെ നാല് നില കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് സ്‌ഫോടനമുണ്ടായത്. ഈ സമയത്ത് കപൂര്‍ കുടുംബം ഉറങ്ങിക്കിടന്നിരുന്ന രണ്ടാം നിലയിലേക്ക് ഇടതൂര്‍ന്ന പുക വ്യാപിച്ചു. സംഭവം നടന്ന സമയത്ത് ഒന്നാം നിലയിലെ വീട് ഒഴിഞ്ഞുകിടക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുണ്ട്.
സച്ചിനും റിങ്കു കപൂറും മകളും ശ്വാസംമുട്ടിയാണ് മരിച്ചത്. മറ്റൊരു മുറിയില്‍ ഉറങ്ങിക്കിടന്ന മകന്‍ രക്ഷപ്പെടാനായി ജനല വഴി ചാടി. ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ഉച്ചത്തിലുള്ള സ്‌ഫോടന ശബ്ദം കേട്ടാണ് തങ്ങള്‍ ഉണര്‍ന്നതെന്ന് ഒരു അയല്‍വാസി പറഞ്ഞു.
നാലാം നിലയില്‍ ഏഴ് അംഗങ്ങളുള്ള ഒരു കുടുംബം താമസിക്കുന്നുണ്ടെന്നും മൂന്നാം നില കപൂര്‍ തന്റെ ഓഫീസായി ഉപയോഗിച്ചു വരികയായിരുന്നു എന്നും അയല്‍വാസിയായ മായങ്ക് പറഞ്ഞു.