ചങ്ങനാശ്ശേരി : പോലീസിന് നേരെ ആക്രമണം നടത്തിയ കേസിൽ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ പുളിങ്കുന്ന് ഭാഗത്ത് മുല്ലക്കൽ വീട്ടിൽ മനു എന്ന് വിളിക്കുന്ന അനന്തൻ എം. ബി (26), ആലപ്പുഴ പുളിങ്കുന്ന് ഭാഗത്ത് കന്യാകോണിൽതറ വീട്ടിൽ കണ്ണൻ എന്നു വിളിക്കുന്ന അമൽ കെ.ആർ(22), തൃക്കൊടിത്താനം കിളിമല എസ്.എച്ച് സ്കൂളിന് സമീപം കുഴിത്തകിടിയിൽ വീട്ടിൽ കുട്ടാപ്പി എന്നു വിളിക്കുന്ന അജീഷ് മോൻ കെ.എൻ (30) എന്നിവരെയാണ് ചങ്ങനാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ മൂവരും ചേർന്ന് 26 -)o തീയതി വൈകിട്ട് ചങ്ങനാശ്ശേരി പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ അടിപിടി നടത്തുകയും, ഇതറിഞ്ഞ പോലീസ് സംഘം സ്ഥലത്തെത്തി ഇവരെ തടയാൻ ശ്രമിക്കുന്നതിനിടയിൽ ഇവർ പോലീസിന് നേരെ ആക്രമണം നടത്തുകയായിരുന്നു. എസ്.ഐ ഉൾപ്പെടെ മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേൽപ്പിക്കുകയും സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുമായിരുന്നു. തുടർന്ന് സ്റ്റേഷനിൽ നിന്നും കൂടുതൽ പോലീസ് സ്ഥലത്തെത്തി ഇവരെ കീഴ്പ്പെടുത്തുകയായിരുന്നു. ചങ്ങനാശ്ശേരി സ്റ്റേഷൻ എസ്.എച്ച്.ഓ റിച്ചാർഡ് വർഗ്ഗീസ്, എസ്.ഐ മാരായ ജയകൃഷ്ണൻ എം, അനിൽകുമാർ, പ്രസാദ് ആർ നായർ, എ.എസ്.ഐ രഞ്ജിവ് ദാസ്, സി.പി.ഓ മാരായ ഡെന്നി, അനിൽകുമാർ, ഷെഫീക്ക് എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.













































































