ഡല്‍ഹി: ഡല്‍ഹിയിലെ കല്‍ക്കാജി ക്ഷേത്രത്തില്‍ ജീവനക്കാരനെ മര്‍ദിച്ചുകൊന്നു. പ്രസാദം ആവശ്യപ്പെട്ടപ്പോള്‍ അല്‍പസമയം കാത്തുനില്‍ക്കാന്‍ പറഞ്ഞത് അക്രമിസംഘത്തെ പ്രകോപിപ്പിച്ചത്. ഇന്നലെ രാത്രിയോടെ ദര്‍ശനത്തിന് എന്ന് പറഞ്ഞ് എത്തിയ സംഘമാണ് ആക്രമണം നടത്തിയത്. ഉത്തര്‍പ്രദേശ് സ്വദേശിയായ യോഗേഷാണ് കൊല്ലപ്പെട്ടത്.
ജീവനക്കാരനെ ക്ഷേത്രത്തിന് പുറത്തേക്ക് പിടിച്ചുകൊണ്ട് പോയി ഇരുമ്പുദണ്ഡുകളും വടികളും ഉപയോഗിച്ച് മര്‍ദിക്കുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷികള്‍ വ്യക്തമാക്കുന്നത്. അവശനായ യോഗേഷിനെ ക്ഷേത്ര ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് എയിംസില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊലപാതക സംഘത്തിലെ ഒരാളെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. മറ്റുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പ്രതികള്‍ ക്ഷേത്ര ദര്‍ശനം നടത്തുകയും അതിന് ശേഷം യോഗേഷിനോട് പ്രസാദം ആവശ്യപ്പെടുകയുമായിരുന്നു. പ്രസാദം ലഭിക്കാന്‍ വൈകിയതോടെ സംഘം യോഗേഷിനെ മര്‍ദിച്ചു. നിലത്തുവീണ് കിടക്കുന്ന യോഗേഷിനെ സംഘം തുടര്‍ച്ചയായി വടികൊണ്ട് മര്‍ദിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. ഓഗസ്റ്റ് 29ന് വൈകീട്ടായിരുന്നു സംഭവം.