തൃശൂര്‍: ശബരിമല വിഷയം തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് എന്‍.ഡി.എ സ്ഥാനര്‍ത്ഥി സുരേഷ് ഗോപിക്ക് തൃശൂര്‍ ജില്ലാ കളക്ടര്‍ ടി.വി അനുപമ നോട്ടീസ് അയച്ചിരുന്നു. ഇതിനെതിരെ പ്രതിഷേധവുമായി ബി.ജെ.പി പ്രവര്‍ത്തകര്‍ രംഗത്ത്. അനുപമയുടെ ഫേസ്ബുക്കില്‍ ശരണം വിളിയുമായാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്. സുരേഷ് ഗോപിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൊണ്ട് കളക്ടറെ ആക്ഷേപിക്കുന്ന നിരവധി കമന്റുകളാണ് ഫേസ്ബുക്കില്‍ നിറയുന്നത്.
തിരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമായി, അയ്യപ്പന്റെ പേരുപറഞ്ഞ് വോട്ട് ചോദിച്ചതിനാണ് സുരേഷ് ഗോപിക്ക് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ നോട്ടീസ് നല്‍കിയത്. 48 മണിക്കൂറിനകം വിശദീകരണം നല്‍കണമെന്നാണ് നോട്ടീസ് നല്‍കിയത്. മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ പുറപ്പെടുവിച്ച നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായാണ് കഴിഞ്ഞ വെള്ളിയാഴ്ച തേക്കിന്‍കാട് മൈതാനത്തെ എന്‍.ഡി.എ കണ്‍വെന്‍ഷനില്‍ സുരേഷ് ഗോപി പ്രസംഗിച്ചതെന്നാണ് നോട്ടീസില്‍ പറയുന്നത്.
ഇതിനെതിരെ കളക്ടറെ വിമര്‍ശിച്ച് കൊണ്ട് ബി.ജെ.പി പ്രവര്‍ത്തകര്‍ രംഗത്ത് വരുകയായിരുന്നു. ഈ വിഷയത്തില്‍ ചട്ടലംഘനം ഉണ്ടെന്നും കളക്ടറുടെ നടപടി ശരിയാണെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഒാഫീസര്‍ ടിക്കാറാം മീണ പ്രതികരിച്ചിരുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയയിലൂടെ കളക്ടറുടെ പ്രവര്‍ത്തിയെ മോശമായ കമെന്റുകളിലൂടെയാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രതികരിക്കുന്നത്. അനുപമയുടെ യഥാര്‍ഥ പേര് അനുപമ ക്ലിന്‍സണ്‍ ജോസഫ് ആണെന്ന് പറഞ്ഞ് നിരവധി ആളുകള്‍ രംഗത്തെത്തിയുന്നു. അനുപമയെ അനുകൂലിച്ച് കൊണ്ടും നിരവധി പേര്‍ രംഗത്തെത്തി.














































































