ഭുവനേശ്വർ: കോളേജ് അധ്യാപകനെതിരായ ലൈംഗികാതിക്രമ പരാതി കോളേജ് അവഗണിച്ചതിന് പിന്നാലെ സ്വയം തീകൊളുത്തി വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി സുഹൃത്ത്. മാസങ്ങള്‍ മുന്‍പ് അനുഭവിക്കുന്ന ക്രൂരതയെക്കുറിച്ച് തന്നോട് വിദ്യാര്‍ത്ഥിനി തുറന്നുപറഞ്ഞിരുന്നുവെന്നാണ് സുഹൃത്തായ പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍.
'കുറച്ചു മാസങ്ങള്‍ മുന്‍പ് എച്ച്ഒടി സമീര്‍ കുമാര്‍ സാഹുവി ഉപദ്രവിക്കുന്നുവെന്ന് അവള്‍ എന്നോട് പറഞ്ഞിരുന്നു. മനപൂര്‍വ്വം പരീക്ഷകളില്‍ പരാജയപ്പെടുത്തുകയാണെന്നും അവള്‍ പറഞ്ഞിരുന്നു. ഞാനോ മറ്റാരെങ്കിലുമോ വിഷയത്തില്‍ ഇടപെടണമെന്ന് അവള്‍ ആഗ്രഹിച്ചിരുന്നില്ല. എന്നാല്‍ ജൂണ്‍ മുപ്പതിന് അധ്യാപകനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിക്കാന്‍ അവള്‍ ഞങ്ങളെ വിളിച്ചു. വകുപ്പ് മേധാവി മോശമായി പെരുമാറിയെന്നും ഭീഷണിപ്പെടുത്തിയെന്നും അവള്‍ ഞങ്ങളോട് പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ അധ്യാപകനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ചു. അന്ന് നടപടിയുണ്ടാകുമെന്ന് ഉറപ്പുലഭിച്ചു. എന്നാല്‍ പന്ത്രണ്ട് ദിവസം കഴിഞ്ഞിട്ടും ഒന്നും സംഭവിച്ചില്ല. അഡ്മിഷന്‍ നടന്നുകൊണ്ടിരുന്ന സമയമായിരുന്നു അത്. ഉച്ചഭക്ഷണം കഴിക്കുന്ന സമയത്ത് ഞങ്ങളവിടെ ഇല്ലായിരുന്നു. അപ്പോഴാണ് ആ വിളി വന്നത്. അവളെ ആഴത്തില്‍ വേദനിപ്പിക്കുന്ന തരത്തില്‍ എന്തെങ്കിലും പ്രിന്‍സിപ്പാള്‍ പറഞ്ഞിരിക്കണം. അതാകും അവളെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചത്'-സുഹൃത്ത് പറഞ്ഞു.