അധ്യാപകനെതിരെ നൽകിയ ലൈംഗിക അധിക്ഷേപ പരാതി പരിഗണിക്കാത്തതിൽ പ്രതിഷേധിച്ച് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച വിദ്യാർത്ഥിനിയെ രാഷ്ട്രപതി സന്ദർശിച്ചു. 90% പൊള്ളലേറ്റ് ബാലസോറിൽ ചികിത്സയിലാണ് വിദ്യാർഥിനി. എയിംസിൽ കോൺവെക്കേഷനിൽ പങ്കെടുക്കുന്നതിന് വേണ്ടിയായിരുന്നു രാഷ്ട്രപതി എത്തിയത്.
ഈ പരിപാടിയിൽ പങ്കെടുത്തതിന് ശേഷമാണ് അതേ ആശുപത്രിയിൽ എയിംസിൽ തന്നെ ചികിത്സയിൽ കഴിയുന്ന ഈ പെൺകുട്ടിയും ഒപ്പം തന്നെ പെൺകുട്ടിയുടെ കുടുംബത്തെയും രാഷ്ട്രപതി നേരിൽ കണ്ടത്. ചികിത്സ സംബന്ധിച്ചുകൊണ്ടുള്ള കാര്യങ്ങൾ രാഷ്ട്രപതി ചോദിച്ചറിഞ്ഞു. പെൺകുട്ടിക്ക് മികച്ച ചികിത്സ ഉറപ്പാക്കണമെന്ന നിർദേശം നൽകുകയും ചെയ്തു. പെൺകുട്ടിയുടെ കുടുംബത്തെയും രാഷ്ട്രപതി നേരിൽ കണ്ട് സ്ഥിതിഗതികൾ തിരക്കി.
കഴിഞ്ഞ ദിവസമാണ് ഈ ബാലസോറിലെ കോളജ് ക്യാമ്പസിനുള്ളിൽ വെച്ച് പെൺകുട്ടി തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്. കോളജിലെ ഒരു അധ്യാപകൻ പെൺകുട്ടിയുടെ നേരെ ലൈംഗിക അധിക്ഷേപത്തോടെ സംസാരിച്ചുവെന്നും അതിൽ പരാതി നൽകിയിട്ടും ഈ കോളേജിലെ പ്രിൻസിപ്പൽ കൃത്യമായിട്ടുള്ള ഒരു നടപടി സ്വീകരിച്ചില്ലെന്നും ഒരു വലിയ പ്രതിഷേധം ആ കോളേജിൽ മറ്റു വിദ്യാർഥികളടക്കം നടത്തിയിട്ടുണ്ടായിരുന്നു. ഈ പ്രതിഷേധത്തിനിടെയാണ് പെൺകുട്ടി തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്.