കൊച്ചി: രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില ചാഞ്ചാട്ടം തുടരുമ്പോള്‍ കേരളത്തില്‍ സ്വര്‍ണം മുന്നോട്ട് തന്നെ. 3400 ഡോളര്‍ പിന്നിട്ട് കുതിച്ച സ്വര്‍ണം ഇപ്പോള്‍ 3370ലാണുള്ളത്. എന്നാല്‍ കേരളത്തില്‍ 74000 കടന്ന് പവന് വില കുതിച്ചു. ഡോളര്‍ നടത്തിയ മുന്നേറ്റം രൂപയ്ക്ക് മങ്ങലേല്‍പ്പിച്ചിട്ടുണ്ട്. ഇതാണ് കേരളത്തില്‍ വില അല്‍പ്പം കൂടാന്‍ കാരണം.
കേരളത്തില്‍ ഒരു പവന് സ്വര്‍ണത്തിന് ഇന്ന് നല്‍കേണ്ട വില 74120 രൂപയാണ്. ഗ്രാമിന് 9265 രൂപയും. പവന് 120 രൂപയും ഗ്രാമിന് 15 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. അതേസമയം, 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 10 രൂപ വര്‍ധിച്ച് 7600 രൂപയിലെത്തി. രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില 3360 ഡോളര്‍ വരെ കുറഞ്ഞ ശേഷം 3385 വരെ കയറി. ഇപ്പോള്‍ വ്യാപാരം 3373ലാണ്.
അതേസമയം, വെള്ളിയുടെ ഔണ്‍സ് വില 36.70 ഡോളറാണ്. ഇന്നലെ രേഖപ്പെടുത്തിയ വിലയില്‍ നിന്ന് നേരിയ ഇടിവുണ്ട്. കേരളത്തില്‍ വിലയില്‍ മാറ്റമില്ല. ഉയര്‍ന്ന നിരക്കില്‍ തുടരുകയാണ്. ഒരു ഗ്രാം വെള്ളിയ്ക്ക് 118 രൂപയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കേരളത്തില്‍ രേഖപ്പെടുത്തിയ വെള്ളിയുടെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ക്രൂഡ് ഓയില്‍ വില ബ്രെന്റ് ക്രൂഡിന് 76 ഡോളറിന് മുകളിലാണ് ഇന്നത്തെ വില.
ഡോളര്‍ നേരിയ തോതില്‍ മുന്നേറുകയാണ്. 98.98 എന്ന നിരക്കിലാണ് ഡോളര്‍ സൂചിക. ഡോളര്‍ മുന്നേറുന്നത് രൂപയ്ക്ക് മങ്ങലേല്‍പ്പിക്കുന്നുണ്ട്. ഡോളറുമായുള്ള രൂപയുടെ വിനിമയ നിരക്ക് 86.55 ആയി ഇടിഞ്ഞു. രൂപ കരുത്ത് കുറയുന്നത് ആഭ്യന്തര വിപണിയില്‍ സ്വര്‍ണം ഉള്‍പ്പെടെയുള്ള ലോഹങ്ങളുടെ വില ഉയരാന്‍ കാരണമാകും. സ്വര്‍ണത്തിന് ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന പവന് നിരക്ക് 74560 രൂപയാണ്. വീണ്ടും ഇതിലേക്ക് എത്തുമോ എന്നാണ് അറിയേണ്ടത്.
സ്വര്‍ണവില വൈകാതെ കുറയും എന്ന പ്രവചനം അടുത്തിടെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു സിറ്റി ബാങ്കിന്റെ നിരീക്ഷകരാണ് ഈ വര്‍ഷം അവസാനത്തോടെയും അടുത്ത വര്‍ഷവും സ്വര്‍ണവില താഴാനാണ് സാധ്യത എന്ന് പ്രവചിച്ചത്. ഇത് ശരിയാകുകയാണെങ്കില്‍ കേരളത്തില്‍ ഒരു പവന് 60000ത്തില്‍ താഴേക്ക് എത്തും.
ഇന്ന് ഒരു പവന് ആഭരണം വാങ്ങുമ്പോള്‍ അഞ്ച് ശതമാനം പണിക്കൂലിയും മൂന്ന് ശതമാനം ജിഎസ്ടിയും പരിഗണിക്കുമ്പോള്‍ 80000-81000 രൂപ വരെ ചെലവ് പ്രതീക്ഷിക്കാം. ഇതിനൊപ്പം ആഭരണങ്ങള്‍ക്ക് ഹാള്‍മാര്‍ക്കിങ് ചാര്‍ജ് കൂടി നല്‍കണം. ആഭരണം മാത്രമാണ് ഉദ്ദേശമെങ്കില്‍ 18 കാരറ്റ് സ്വര്‍ണമാണ് നല്ലത്. ഇതിന് വില കുറവാണെങ്കിലും ബാങ്കില്‍ പണയത്തിന് ഈടായി സ്വീകരിക്കില്ല.