ഡൽഹി: മുംബൈ ഭീകരാക്രമണ കേസിലെ പങ്ക് സമ്മതിച്ച് തഹാവൂർ റാണ. ആക്രമണ സമയത്ത് മുംബൈയിൽ ഉണ്ടായിരുന്നതായും റാണ വെളിപ്പെടുത്തി. പാകിസ്താൻ സൈന്യത്തിൻ്റെ വിശ്വസ്ത ഏജൻ്റായിരുന്നെന്നും റാണ വെളിപ്പെടുത്തി. സുഹൃത്തും സഹായിയുമായ ഡേവിഡ് കോൾമാൻ ഹെഡ്ലിയും താനും പാകിസ്താനിലെ ലെഷ്കർ-ഇ-തൊയ്ബയുടെ കീഴിൽ നിരവധി പരിശീലന പരിപാടികളിൽ പങ്കെടുത്തതായും തഹാവൂർ റാണ മുംബൈ ക്രൈംബ്രാഞ്ചിനോട് സമ്മതിച്ചതായാണ് റിപ്പോർട്ട്. ഒരു ചാര ശൃംഖലപോലെ ലെഷ്കർ-ഇ-തൊയ്ബ പ്രവർത്തിച്ചിരുന്നുവെന്നാണും റാണ വെളിപ്പെടുത്തി.
മുംബൈയിൽ സ്വന്തം സ്ഥാപനത്തിന്റെ ഒരു ഇമിഗ്രേഷൻ സെന്റർ തുറക്കാനുള്ള ആശയം തന്റേതാണെന്നും അതിലെ സാമ്പത്തിക ഇടപാടുകളും ബിസിനസ് ചെലവുകൾ എന്ന നിലയിലാണ് നടത്തിയതെന്നും റാണ സമ്മതിച്ചു. 26/11 ആക്രമണ സമയത്ത് താൻ മുംബൈയിലായിരുന്നുവെന്നും അത് തീവ്രവാദികളുടെ പദ്ധതിയുടെ ഭാഗമായിരുന്നുവെന്നും റാണ വെളിപ്പെടുത്തി. ഖലീജ് യുദ്ധകാലത്ത് പാകിസ്ഥാൻ സൈന്യം തന്നെ സൗദി അറേബ്യയിലേക്ക് അയച്ചതായും 64 കാരനായ അദ്ദേഹം പറഞ്ഞതായാണ് റിപ്പോർട്ട്. ചോദ്യം ചെയ്യലിന് പിന്നാലെ മുംബൈ പോലീസ് റാണയെ എത്രയും വേഗം അറസ്റ്റ് ചെയ്ത് കസ്റ്റഡിയിലെടുക്കാനുള്ള നീക്കം നടത്തുന്നതായും റിപ്പോർട്ടുണ്ട്.
പാകിസ്താൻ വംശജനും കനേഡിയൻ പൗരനുമായ തഹാവൂർ റാണ ലോസ് ആഞ്ജലിസിലെ തടങ്കൽ കേന്ദ്രത്തിലാണ് കഴിഞ്ഞിരുന്നത്. 2019-ലാണ് തഹാവൂർ റാണയെ കൈമാറണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ അമേരിക്കയ്ക്ക് അപേക്ഷ നൽകിയത്. റാണയ്‌ക്കെതിരായ തെളിവുകളും രാജ്യം കൈമാറി. ഡൊണാൾഡ് ട്രംപ്- നരേന്ദ്രമോദി കൂടിക്കാഴ്ച്ചയിലും വിഷയം ചർച്ചയായി. ഇന്ത്യക്ക് തന്നെ കൈമാറരുതെന്ന് ആവശ്യപ്പെട്ടുളള റാണയുടെ ഹർജികൾ യുഎസ് സുപ്രീംകോടതി തളളി. 2025 ജനുവരി 25-നാണ് റാണയെ ഇന്ത്യക്ക് കൈമാറാൻ യുഎസ് അനുമതി നൽകിയത്. അസുഖബാധിതനായ തന്നെ ഇന്ത്യയ്ക്ക് കൈമാറരുതെന്നും ഇന്ത്യയിലെത്തിയാൽ താൻ മതത്തിന്റെ പേരിൽ പീഡനത്തിനിരയാകുമെന്നും കൊല്ലപ്പെടാൻ സാധ്യതയുണ്ടെന്നും റാണ യുഎസ് സുപ്രീംകോടതിയിൽ വാദിച്ചിരുന്നു.
എൻഐഎ ഉദ്യോഗസ്ഥരുടെയും എൻഎസ്ജി കമാൻഡോസിന്റെയും സുരക്ഷയിൽ പ്രത്യേക വിമാനത്തിലാണ് തഹാവൂർ റാണയെ ഏപ്രിൽ 10ന് ഡൽഹിയിൽ എത്തിച്ചത്. വിമാനത്താവളത്തിൽ വെച്ച് തന്നെ എൻഐഎ റാണയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
2008-ൽ മുംബൈയിൽ നടന്ന ഭീകരാക്രമണത്തിന്റെ പ്രധാന ആസൂത്രകരിൽ ഒരാളായ പാക്-യുഎസ് ഭീകരൻ ഡേവിഡ് കോൾമാൻ ഹെഡ്‌ലിയുമായി അടുത്ത ബന്ധമുളളയാളാണ് റാണ. 2008-ൽ മുംബൈയിൽ ഭീകരാക്രമണം നടക്കുന്നതിന് തൊട്ട് മുൻപുളള ദിവസങ്ങളിൽ റാണ ഇന്ത്യയിലുണ്ടായിരുന്നു. ഇയാൾ ഇന്ത്യവിട്ട് ദിവസങ്ങൾക്കുളളിലാണ് മുംബൈയിൽ ഭീകരാക്രമണമുണ്ടായത്. കോൾമാനുമായി ചേർന്ന് അമേരിക്കയിൽ ആക്രമണം നടത്താൻ പദ്ധതിയിടുന്നതിനിടെയാണ് റാണ പിടിയിലായത്.