പതിനാല് മണിക്കൂറോളം നീണ്ട ചര്‍ച്ചകള്‍ക്കും വോട്ടെടുപ്പിനും ഒടുവില്‍ വഖഫ് ബില്‍ ലോക്സഭ പാസാക്കി. ബിൽ ഇന്ന് രാജ്യസഭയിൽ അവതരിപ്പിച്ചേക്കും. ഇവിടെയും ബിൽ പാസായാൽ നിയമമായി മാറും.
പ്രതിപക്ഷത്തിന്റെ ഭേദഗതികള്‍ തള്ളിയാണ് ലോക്സഭ ബില്‍ പാസാക്കിയത്. ബില്ലിനെ അനുകൂലിച്ച് 288 അംഗങ്ങള്‍ വോട്ട് ചെയ്തപ്പോള്‍ 232 അംഗങ്ങള്‍ എതിർത്തു.
എന്‍ കെ പ്രേമചന്ദ്രന്‍, ഗൗരവ് ഗോഗോയി, കെ സി വേണുഗോപാല്‍, മുഹമ്മദ് ജാവേദ്, അസസുദ്ദീന്‍ ഒവൈസി, കെ രാധാകൃഷ്ണൻ, ഇ ടി മുഹമ്മദ് ബഷീർ അടക്കമുള്ളവർ മുന്നോട്ടുവെച്ച ഭേദഗതികള്‍ ശബ്ദവോട്ടോടെ തള്ളി. ഇതോടെ ബില്‍ ലോക്സഭ കടന്നു. രാജ്യസഭയിലും കൂടി പാസാക്കിയ ശേഷം രാഷ്ട്രപതി കൂടി ഒപ്പുവെച്ചാല്‍ വഖഫ് നിയമഭേദഗതി പ്രാബല്യത്തില്‍ വരും.
മികച്ച ചര്‍ച്ചയാണ് ഉണ്ടായതെന്ന് കേന്ദ്ര പാർലമെൻ്റ്കാര്യ മന്ത്രി കിരണ്‍ റിജിജു മറുപടി പ്രസംഗത്തില്‍ പറഞ്ഞിരുന്നു. എല്ലാവരും അവരുടെ കാഴ്ചപ്പാടുകള്‍ പങ്കുവെച്ചു. വഖഫ് സ്വത്തുക്കള്‍ നിയമവിധേയമാക്കുകയാണ് ലക്ഷ്യം. ബില്‍ മുസ്‌ലിം വിരുദ്ധമല്ല. ട്രിബ്യൂണലില്‍ നിരവധി കേസുകള്‍ നിലവിലുണ്ട്. ഇതിനെല്ലാം പുതിയ ബില്ലിലൂടെ പരിഹാരം കാണാന്‍ കഴിയുമെന്നും കിരണ്‍ റിജിജു പറഞ്ഞു.















































































