ബലാത്സംഗക്കേസില്‍ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ച് റാപ്പർ വേടൻ. ഇന്ന് തന്നെ ജാമ്യാപേക്ഷ നല്‍കാനാണ് അഭിഭാഷകന്റെ ശ്രമം. വേടൻ്റെ സുഹൃത്തുക്കളുടെയുടെ മൊഴി രേഖപ്പെടുത്തുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യ പറഞ്ഞു.
യുവ ഡോക്ടറുടെ പരാതിയില്‍ വേടനെതിരെ കഴിഞ്ഞ ദിവസം രാത്രിയാണ് തൃക്കാക്കര പൊലീസ് കേസെടുത്തത്. വിവാഹ വാഗ്ദാനം നല്‍കി തന്നെ പലയിടങ്ങളില്‍ വെച്ച് പീഡിപ്പിച്ചുവെന്നും പിന്നീട് ബന്ധത്തില്‍ നിന്നും വേടന്‍ പിന്മാറിയെന്നുമാണ് യുവ ഡോക്ടര്‍ മൊഴി നല്‍കിയത്. പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയ സാഹചര്യത്തില്‍ അറസ്റ്റ് ഉള്‍പ്പടെയുള്ള നടപടിക്രമങ്ങളിലേക്ക് പൊലീസ് കടന്നേക്കും. ഇത് മുന്‍കൂട്ടി കണ്ടാണ് വേടൻ മുന്‍കൂര്‍ ജാമ്യാപേക്ഷ നൽകുന്നത്.
പരാതിക്കാരിയുമായുള്ള വേടന്റെ സാമ്പത്തിക ഇടപാട് പൊലീസ് സ്ഥിരീകരിച്ചു. പലപ്പോഴായി വേടൻ മുപ്പതിനായിരം രൂപ കൈമാറിയിട്ടുണ്ടെന്നാണ് യുവതിയുടെ മൊഴി. ബാങ്ക് ഇടപാടുകളുടെ വിശദാംശങ്ങളും പരാതിക്കൊപ്പം യുവതി നൽകിയിരുന്നു. 2021 ഓഗസ്റ്റ് ഒന്നിനും 2023 മാർച്ച് 31നും ഇടയിൽ പലതവണകളായി വേടൻ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്നായിരുന്നു യുവതിയുടെ മൊഴി.