തിരുവനന്തപുരം: വ്യാപകമായി വിളനാശം വരുത്തുകയും ജനവാസ മേഖലകൾക്ക് ഭീഷണിയാവുകയും ചെയ്യുന്ന കാട്ടുപന്നികളെ ഉന്മൂലനം ചെയ്യാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിനെതിരെ മൃഗാവകാശ പ്രവർത്തകയും ബിജെപി നേതാവുമായ മനേക ഗാന്ധി രംഗത്ത്. മുഖ്യമന്ത്രി പിണറായി വിജയനുള്ള തുറന്ന കത്തിലൂടെയാണ് മനേക ഗാന്ധിയുടെ വിമർശനം.
പദ്ധതി മോശമാണെന്നും അഞ്ച് വർഷത്തിനകം ഇത് കേരളത്തിന് വലിയ നഷ്ടമുണ്ടാക്കുമെന്നും മനേക ഗാന്ധി പറഞ്ഞു. കാട്ടുപന്നികൾ ഇല്ലാതായാൽ കടുവകൾ വനങ്ങളിൽ നിന്ന് പുറത്തുവരുമെന്നും ആടുകളെയും പശുക്കളെയും വേട്ടയാടുകയും ആളുകളെ ആക്രമിക്കുകയും ചെയ്യുമെന്ന് അവർ മുന്നറിയിപ്പ് നൽകി. ഒരു വർഷത്തിനുള്ളിൽ എല്ലാ വന്യജീവികളും ഇല്ലാതാകുമെന്നും അവർ പറഞ്ഞു.
കാട്ടുപന്നിയെ ഉന്മൂലനം ചെയ്താൽ, അഞ്ച് വർഷത്തിനുള്ളിൽ നിങ്ങൾക്ക് മുഴുവൻ വനവും നഷ്ടപ്പെടും. വനവിസ്തൃതി കുറയുന്നതിനാൽ മഴ കേരളത്തെ മുക്കിക്കളയുമെന്നും ഉരുൾപൊട്ടൽ, വെള്ളപ്പൊക്കം, പേമാരി എന്നിവയെ അതിജീവിക്കാൻ സംസ്ഥാനത്തിന് കഴിയില്ലെന്നും മനേക കൂട്ടിച്ചേർത്തു. മനുഷ്യ-വന്യജീവി സംഘർഷം പരിഹരിക്കുന്നതിനായി വനം വകുപ്പ് കഴിഞ്ഞ ആഴ്ച ഒരു കരട് നയരേഖ പുറത്തിറക്കിയിരുന്നു.