വാഷിംഗ്ടണ്‍: മിഡില്‍ ഈസ്റ്റില്‍ ഇറാനെതിരെ ഒരു സമ്പൂർണ്ണ സൈനിക നീക്കത്തിന് അമേരിക്കൻ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് തയ്യാറെടുക്കുന്നതായി റിപ്പോർട്ട്.
ജനീവയില്‍ നടക്കുന്ന നയതന്ത്ര ചർച്ചകളില്‍ പുരോഗതിയില്ലാത്തതില്‍ പ്രസിഡന്‍റ് അങ്ങേയറ്റം അതൃപ്തനാണെന്നും വരും ആഴ്ചകളില്‍ തന്നെ ഇറാനെതിരെ 'കൈനറ്റിക് ആക്ഷൻ' (സൈനിക നീക്കം) ഉണ്ടായേക്കുമെന്നും ട്രംപിന്‍റെ ഉപദേഷ്ടാവിനെ ഉദ്ധരിച്ച് 'ആക്സിയോസ്' (Axios) റിപ്പോർട്ട് ചെയ്യുന്നു. വെറുമൊരു മിന്നലാക്രമണമായിരിക്കില്ല ഇതെന്നും, ആഴ്ചകളോളം നീണ്ടുനില്‍ക്കുന്ന വൻതോതിലുള്ള സൈനിക ക്യാമ്പയിനായിരിക്കും ഇതെന്നും സൂചനയുണ്ട്.
ഇറാനുമായുള്ള ആണവ കരാറില്‍ അന്തിമ തീരുമാനമെടുക്കാൻ രണ്ട് ആഴ്ചത്തെ സമയമാണ് അമേരിക്ക നല്‍കിയിരിക്കുന്നത്. എന്നാല്‍ ഈ ചർച്ചകള്‍ വിജയിക്കാനുള്ള സാധ്യത കുറവാണെന്നാണ് അമേരിക്കൻ ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. ഇതിനിടെ ഇറാൻ അതിർത്തിക്ക് സമീപം അമേരിക്ക വൻതോതില്‍ സൈനിക വിന്യാസം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ എഫ്-35, എഫ്-22, എഫ്-16 ഉള്‍പ്പെടെ അമ്പതിലധികം യുദ്ധവിമാനങ്ങളാണ് പശ്ചിമേഷ്യയിലെ താവളങ്ങളില്‍ എത്തിയത്. ഇതിന് പുറമെ യുഎസ്‌എസ് ജെറാള്‍ഡ് ആർ. ഫോർഡ്, യുഎസ്‌എസ് എബ്രഹാം ലിങ്കണ്‍ എന്നീ രണ്ട് ഭീമൻ വിമാനവാഹിനിക്കപ്പലുകളും മേഖലയില്‍ സജ്ജമാണ്.
ഇറാൻ ഭരണകൂടത്തിന്‍റെ നിലനില്‍പ്പിനെത്തന്നെ ബാധിച്ചേക്കാവുന്ന ഒരു സംയുക്ത സൈനിക നീക്കത്തിന് ഇസ്രായേലും തയ്യാറെടുക്കുന്നതായാണ് വിവരം. മിഡില്‍ ഈസ്റ്റിലെ അമേരിക്കൻ സേനകള്‍ യുദ്ധസജ്ജമായി നില്‍ക്കുമ്പോള്‍, ഇറാൻ തങ്ങളുടെ 'വജ്രായുധമായ' ഹോർമുസ് കടലിടുക്ക് ഭാഗികമായി അടച്ച് സൈനികാഭ്യാസം ആരംഭിച്ചിട്ടുണ്ട്. ഇത് ആഗോള എണ്ണ വിപണിയെയും സാമ്പത്തിക രംഗത്തെയും ബാധിക്കുമെന്ന ആശങ്ക ശക്തമാണ്. നയതന്ത്രം അതിന്‍റെ സ്വാഭാവിക അന്ത്യത്തിലെത്തിയെന്ന് ട്രംപ് പ്രഖ്യാപിച്ചാല്‍ ഏത് നിമിഷവും ഗള്‍ഫ് മേഖലയില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടേക്കാം.












































































