കോഴിക്കോട് :ബാലുശ്ശേരിയില്‍ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു പറഞ്ഞശേഷം വീട്ടില്‍ ആത്മഹത്യ ചെയ്യാൻ ശ്രമിച്ച യുവതിയെ പൊലീസ് രക്ഷപ്പെടുത്തി. കണ്ണാടിപ്പൊയില്‍ സ്വദേശിനിയായ യുവതിയെയാണ് ബാലുശ്ശേരി പൊലീസ് എത്തി രക്ഷപ്പെടുത്തിയത്. പയ്യോളി പൊലീസ് സ്റ്റേഷനില്‍ നിന്ന് വിവരം ലഭിച്ചതിനെത്തുടർന്ന് പൊലീസ് വീട്ടിലെത്തിയപ്പോള്‍ യുവതി ഫാനില്‍ തൂങ്ങി നില്‍ക്കുന്ന നിലയിലായിരുന്നു.
വാതില്‍ ചവിട്ടിപ്പൊളിച്ചാണ് ഉദ്യോഗസ്ഥർ വീടിനകത്ത് കയറിയത്. ഉടൻ തന്നെ യുവതിയെ ബാലുശ്ശേരി താലൂക്ക് ആശുപത്രിയിലേക്ക് എത്തിക്കുകയും തുടർന്ന് പ്രാഥമിക പരിശോധനയ്ക്ക് ശേഷം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയും ചെയ്തു.
യുവതിയുടെ ഒൻപത് മാസം പ്രായമുള്ള കുഞ്ഞും വീട്ടിലുണ്ടായിരുന്നു. കുഞ്ഞിനെ പൊലീസ് സ്റ്റേഷനില്‍ എത്തിച്ച ശേഷം കുടുംബങ്ങള്‍ക്ക് കൈമാറി. ഇസ്പെക്ടർ ദിനേശ് ടി പി, എ എസ് ഐ സുജാത, സീനിയർ പോലീസ് ഉദ്യോഗസ്ഥനായ മുഹമ്മദ് ജെംഷീർ, അനൂപ് എന്നിവർ രക്ഷാപ്രവർത്തനത്തില്‍ പങ്കെടുത്തു.