കൊച്ചി: എഡിജിപി എം ആര്‍ അജിത് കുമാറിന്റെ അനധികൃത സ്വത്ത് സമ്പാദനക്കേസിൽ വിജിലന്‍സ് കോടതിയുടെ തുടര്‍ നടപടികള്‍ ഹെെക്കോടതി തടഞ്ഞു. നടപടി ക്രമങ്ങളില്‍ പ്രഥമദൃഷ്ട്യാ വീഴ്ചയുണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. സല്യൂട്ട് ചെയ്യേണ്ട ഉദ്യോഗസ്ഥന്‍ എങ്ങനെ അജിത് കുമാറിനെ ചോദ്യം ചെയ്യും എന്ന് ചോദിച്ച കോടതി വിജിലന്‍സ് അന്വേഷണം പ്രഹസനമാണെന്നും പറഞ്ഞു. എഡിജിപിക്കെതിരായ കേസ് ജൂനിയര്‍ ഉദ്യോഗസ്ഥന്‍ അന്വേഷിക്കുന്നത് സുതാര്യ നടപടിയല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
എന്നാല്‍ അന്വേഷണം നടത്തിയത് വിജിലന്‍സ് ഡിവൈഎസ്പിയാണെന്നും എസ്പിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടത്തിയതെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ജസ്റ്റിസ് എ ബദറുദ്ദീന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. അനധികൃത സ്വത്ത് സമ്പാദനക്കേസ് നിലനില്‍ക്കുമെന്ന വിചാരണക്കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു എഡിജിപി എംആര്‍ അജിത് കുമാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഹര്‍ജിയില്‍ മുന്‍ എംഎല്‍എ പിവി അന്‍വര്‍ കക്ഷി ചേര്‍ന്നിരുന്നു.