മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നുവീണ് മരിച്ച ബിന്ദുവിന്റെ മൃതദേഹം തലയോലപ്പറമ്പിലെ വീട്ടിലെത്തിച്ചു. മകൻ നവനീത് പൊട്ടിക്കരഞ്ഞു കൊണ്ടാണ് ബിന്ദുവിനു സമീപം ഇരുന്നത്. ഭർത്താവ് വിശ്രുതന്റെ വിഷമം കണ്ണുനീരായി ഒഴുകി.
കണ്ടുനിന്ന പ്രദേശവാസികളിൽ പലരും പൊട്ടിക്കരഞ്ഞു. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ബിന്ദുവിന്റെ മകൾ കഴുത്തിൽ കോളർ ധരിച്ചാണ് അമ്മയെ അവസാനമായി കാണാനെത്തിയത്. നാടിന്റെ നൊമ്പരമായി മാറിയ ബിന്ദുവിന്റെ കാണാൻ നൂറുക്കണക്കിന് ജനങ്ങൾ വീട്ടിലേക്ക് ഒഴുകുകയാണ്.
മകനായ നവനീതിനു കഴിഞ്ഞ മാസമാണ് എറണാകുളത്തു ജോലി ലഭിച്ചത്. ആദ്യശമ്പളം കഴിഞ്ഞ ദിവസം കിട്ടിയെങ്കിലും അമ്മയും സഹോദരിയും ആശുപത്രിയിലായതിനാൽ അത് അമ്മയെ ഏൽപ്പിക്കാൻ കഴിഞ്ഞില്ല. തുടർന്നാണ് ഇന്നലെ ആശുപത്രിയിലെത്തിയത്.
അമ്മയുടെ മൃതദേഹത്തിനരികെ വിങ്ങിപ്പൊട്ടിയ നവനീതിനെ ആശ്വസിപ്പിക്കാൻ കണ്ടുനിന്നവർക്കു വാക്കുകളില്ലായിരുന്നു. അപകടത്തിൽ മരിച്ചയാളെ ആദ്യം തിരിച്ചറിഞ്ഞതും നവനീതാണ്.
ഇന്നലെ പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയ ശേഷം ബിന്ദുവിന്റെ മൃതദേഹം ഇന്നലെ മുട്ടുച്ചിറയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരുന്നു. രാവിലെ എട്ടരയോടെയാണ് ആശുപത്രിയിൽ നിന്ന് മൃതദേഹം വീട്ടിലേക്ക് കൊണ്ടുവന്നത്.