തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് ഡല്‍ഹിയിലേക്ക് പറന്ന എയർ ഇന്ത്യ 2455 വിമാനം ചെന്നൈയില്‍ അടിയന്തര ലാൻഡിംഗ് നടത്തിയതില്‍ പ്രതികരിച്ച് കെ സി വേണുഗോപാലും അടൂർ പ്രകാശുമടക്കമുള്ള എം പിമാർ രംഗത്ത്
അടിയന്തര ലാൻഡിംഗിനിടെ വൻ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടെന്നാണ് എ ഐ സി സി സംഘടന ജനറല്‍ സെക്രട്ടറി കൂടിയായ കെ സി വേണുഗോപാല്‍ പ്രതികരിച്ചത്. അടിയന്തര ലാൻഡിംഗില്‍ ഗുരുതര സുരക്ഷ വീഴ്ച ഉണ്ടായെന്നും അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രണ്ട് മണിക്കൂറോളം സമയം ചെന്നൈയ്ക്ക് മുകളില്‍ പറന്നെന്നാണ് യു ഡി എഫ് കണ്‍വീനർ കൂടിയായ അടൂർ പ്രകാശ് പ്രതികരിച്ചത്.
അതിനിടെ വിഷയത്തില്‍ പ്രതികരിച്ച് എയർ ഇന്ത്യയും രംഗത്തെത്തി. സാങ്കേതിക പ്രശ്നത്തെ തുടർന്നുള്ള മുൻകരുതലിനായാണ് ചെന്നൈക്ക് വഴിതിരിച്ച് വിട്ടതെന്നും അടിയന്തര ലാൻഡിംഗ് നടത്തിയതെന്നുമാണ് എയർ ഇന്ത്യ പറയുന്നത്. ചെന്നൈയില്‍ വിമാനത്തിന്‍റെ പരിശോധന നടത്തുന്നുവെന്നും പകരം സൗകര്യം സജ്ജമാക്കുമെന്നും എയർഇന്ത്യ വക്താവ് വ്യക്തമാക്കി. എം പിമാരടക്കം 160 പേരുടെയും പരിശോധന പൂർത്തിയായെന്നും ഉടൻ തന്നെ മറ്റൊരു വിമാനത്തില്‍ യാത്ര ക്രമീകരിച്ചിട്ടുണ്ടെന്നും എയർ ഇന്ത്യ വക്താവ് വിവരിച്ചു.
നേരത്തെ റഡാറുമായുള്ള ബന്ധത്തില്‍ സാങ്കേതിക തകരാർ നേരിട്ടതിനെ തുടർന്ന് ചെന്നൈ അണ്ണാ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് എയർ ഇന്ത്യ 2455 വിമാനം അടിയന്തര ലാൻഡിങ് നടത്തിയത്. എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലടക്കം കേരളത്തില്‍ നിന്നുള്ള 4 എം പിമാരും തമിഴ്നാട്ടില്‍ നിന്നുള്ള ഒരു എംപിയും സഞ്ചരിച്ച വിമാനമാണ് ചെന്നൈയില്‍ അടിയന്തര ലാൻഡിംഗ് നടത്തിയത്. കെ സി വേണുഗോപാലിന് പുറമേ, കൊടിക്കുന്നില്‍ സുരേഷ്, അടൂർ പ്രകാശ്, കെ രാധാകൃഷ്ണൻ, റോബർട്ട് ബ്രൂസ് എന്നിവരാണ് വിമാനത്തില്‍ ഉണ്ടായിരുന്ന എം പിമാർ.
അതേസമയം സാങ്കേതിക തകരാറിന്റെ കാരണം കണ്ടെത്തുന്നതിനായി എയർ ഇന്ത്യ ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ, ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷൻ (ഡി ജി സി എ) സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണത്തിനും നീക്കം തുടങ്ങിയിട്ടുണ്ട്. തിരുവനന്തപുരത്ത് നിന്ന് ദില്ലിയിലേക്ക് പറന്ന വിമാനം ഒരു മണിക്കൂറിലേറെ പറന്ന ശേഷം തകരാർ കണ്ടെത്തിയതോടെ, രണ്ട് തവണ ലാൻഡിംഗിന് ശ്രമിച്ച ശേഷം സുരക്ഷിതമായി ചെന്നൈയില്‍ ഇറക്കുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാർ എല്ലാവരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.












































































