കോട്ടയം: സംക്രാന്തിയിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് നഴ്സ് മരണപ്പെട്ട സംഭവത്തിൽ മലപ്പുറം കുഴിമന്തി ഹോട്ടലിലേക്ക് ഡിവൈഎഫ്ഐ പ്രകടനം. പ്രതിഷേധവുമായി എത്തിയ ഡിവൈഎഫ്ഐ പ്രവർത്തകർ ഹോട്ടൽ തല്ലി തകർക്കുകയായിരുന്നു. ചെടിച്ചട്ടികളും ബോർഡുകൾ അടക്കവും തല്ലി തകർത്തു. നഗരസഭയുടെ വീഴ്ചയാണ് രശ്മിയുടെ മരണത്തിലേക്ക് നയിച്ചത് എന്ന് ഡിവൈഎഫ്ഐ ആരോപിച്ചു. മോശം ഭക്ഷണം വിളമ്പിയതിന് രണ്ടുമാസം മുൻപ് ആരോഗ്യ വിഭാഗം ഹോട്ടലിന് നോട്ടീസ് നൽകിയിരുന്നു.സംക്രാന്തിയിലെ മലപ്പുറം മന്തി എന്ന സ്ഥാപനത്തിൽ നിന്നും ഭക്ഷണം പാഴ്സൽ വാങ്ങി കഴിച്ച ശേഷമാണ് രശ്മി അവശനിലയിൽ ആയത്. മൂന്നുദിവസമായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന രശ്മി ഇന്നലെ വൈകിട്ടാണ് മരിച്ചത്. ഈ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 19 പേർ കഴിഞ്ഞ ദിവസങ്ങളിൽ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിരുന്നു. ഇതോടെ ഭക്ഷ്യ സുരക്ഷാ വിഭാഗം ഹോട്ടൽ അടച്ചുപൂട്ടി.
