തിരു.: കോഴിക്കോട് മോഡല്‍ കെട്ടിട നമ്പര്‍ തട്ടിപ്പ് തിരുവനന്തപുരം കോര്‍പറേഷനിലും കണ്ടെത്തി. രണ്ടു താല്‍ക്കാലിക ജീവനക്കാരെ ചുമതലയില്‍ നിന്ന് നീക്കിയതായി മേയര്‍ ആര്യാ രാജേന്ദ്രന് പറഞ്ഞു. കോര്പ്പറേഷന് ആഭ്യന്തര അന്വേഷണത്തിലാണ് മരപ്പാലത്തുളള വാണിജ്യ കെട്ടിടത്തിന്റെ നമ്പര്‍ വ്യാജമെന്ന് തെളിഞ്ഞത്. തിരുവന്തപുരം സൈബര്‍ ക്രൈം പൊലീസ് കേസെടുത്തു.
കോഴിക്കോട് കോര്‍പ്പറേഷനിലെ കെട്ടിട നമ്പര്‍ തട്ടിപ്പ് വന്‍ വിവാദമായതിനു പിന്നാലെയാണ് തിരുവന്തപുരം കോര്‍പ്പറേഷനിലെ കെട്ടിട അനുമതികള്‍ പരിശോധിച്ചത്. ഫെബ്രുവരി മാസത്തില്‍ അനുവദിച്ച കെട്ടിട നമ്പറുകളാണ് വ്യാജമെന്ന് തെളിഞ്ഞത്. കേശവദാസപുരം മരപ്പാലത്ത് അജയഘോഷ് എന്ന വ്യക്തിയുടെ പേരിലുളള രണ്ട് കെട്ടിടങ്ങളുടെ നമ്പറാണ് വ്യാജമെന്ന് കണ്ടെത്തിയത്.