തിരുവനന്തപുരം: ഇന്ന് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ അഭിമാന നിമിഷമാണ്. ഇന്ത്യന്‍ സിനിമാ ലോകത്തിലെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം സ്വന്തമാക്കിയപ്പോള്‍, അതിന്റെ സന്തോഷം പങ്കുവയ്‌ക്കാനായി സ്വന്തം നാട്ടിലെത്തിയപ്പോള്‍, കേരള സര്‍ക്കാര്‍ നല്‍കുന്ന ഈ ആദരം ഹൃദയം നിറഞ്ഞ നന്ദിയോടെ സ്വീകരിക്കുകയാണെന്ന് മോഹന്‍ലാല്‍ പറഞ്ഞു.
ഇത് എന്റെ മണ്ണാണ്.
ഇവിടത്തെ കാറ്റും മരങ്ങളും വഴികളും പഴയ പലകെട്ടിടങ്ങളും എന്റെ ഓര്‍മകളുടെയും ആത്മാവിന്റെയും ഭാഗമാണ്. എന്നെ ഈ കാണുന്ന ഞാനാക്കി മാറ്റിയ കേരളവും മലയാളികളും അവര്‍ തെരഞ്ഞെടുത്ത സര്‍ക്കാരുമാണ് ഈ സ്വീകരണം എനിക്ക് നല്‍കുന്നത്. ഈ സ്‌നേഹത്തിനു മുന്നില്‍ അനുഭവിക്കുന്ന വൈകാരിക ഭാരത്തെ മറച്ചുപിടിക്കാന്‍ കാലങ്ങളായി ഞാന്‍ ആര്‍ജിച്ച അഭിനയശേഷിക്ക് പോലും സാധിക്കുന്നില്ല - സംസ്‌ഥാന സര്‍ക്കാരിന്റെ ആദരം മലയാളം വാനോളം ലാല്‍സലാം പരിപാടിയില്‍ ഏറ്റുവാങ്ങി മറുമൊഴി നല്‍കുകയായിരുന്നു മോഹന്‍ലാല്‍. ഇന്നത്തെ ഇന്ത്യന്‍ സിനിമ ഒരുപാട് മുന്നോട്ട് പോയിരിക്കുന്നുവെങ്കിലും സിനിമാലോകത്തെ ഏറ്റവും തിളക്കമാര്‍ന്ന നക്ഷത്രം ദാദാസാഹിബ് ഫാല്‍ക്കെ തന്നെയാണെന്ന് മോഹന്‍ലാല്‍ പറഞ്ഞു.
സിനിമ എന്ന സങ്കീര്‍ണ കലാരൂപത്തെക്കുറിച്ച് യാതൊന്നും അറിയാതെ തിരുവനന്തപുരത്തെ തെരുവുകളില്‍വച്ച് സിനിമ എടുക്കാന്‍ ധൈര്യപ്പെട്ട സുഹൃത്തുക്കളെയും, സിനിമയില്‍ കയറാനായി മദ്രാസിലേക്ക് പോയതും, സുഹൃത്തുക്കള്‍ ഫോട്ടോ സംവിധായകന്‍ ഫാസിലിന് അയച്ചുകൊടുത്തതും, മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ നരേന്ദ്രനായി ക്യാമറയ്‌ക്ക് മുന്നില്‍ വന്നതും 48 വര്‍ഷത്തെ അഭിനയ ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ ഓര്‍ക്കുന്നു.
അഭിനയകാലത്തെ ഒരു മഹാകൃതിയായി സമീപിച്ചാല്‍, താന്‍ തീരത്തെ മരച്ചിലയില്‍ നിന്ന് ഒഴുകിപ്പോകുന്ന ഒരിലയാണ്. ഒഴുക്കില്‍ മുങ്ങിപ്പോകുമ്പോള്‍ ഏതൊക്കെയോ കൈകള്‍ വന്ന് താങ്ങി. ആ കൈകളെല്ലാം പ്രതിഭയുടെ കയ്യൊപ്പുള്ളവയായിരുന്നു. അഭിനേതാവ് ഒരുപിടി കളിമണ്ണു മാത്രമാണ് മറ്റുള്ളവരുടെ കൈ സ്‌പര്‍ശിക്കുമ്പോള്‍ അതിന് വ്യത്യസ്‌ത രൂപം കൈവരുന്നു. തിരക്കഥാകൃത്തുക്കള്‍, സംവിധായകര്‍, നിര്‍മ്മാതാക്കള്‍, ക്യാമറാമാന്‍മാര്‍, മുഖത്ത് ചായം തേച്ചവര്‍, കഥാപാത്രങ്ങള്‍ക്ക് വെളിച്ചം നല്‍കിയവര്‍, അതുപോലെ തന്റെ കഥാപാത്രങ്ങളെ സ്വീകരിച്ച പ്രിയപ്പെട്ട മലയാളികള്‍ എന്നിവരോടൊക്കെയും കടപ്പെട്ടിരിക്കുന്നു. എനിക്ക് അഭിനയം അനായാസമായ ഒരു കാര്യമല്ല. കാണുന്നവര്‍ക്ക് താന്‍ അനായാസമായി അഭിനയിക്കുന്നു എന്ന് തോന്നുന്നുവെങ്കില്‍ അത് തനിക്ക് പോലും തിരിച്ചറിയാന്‍ കഴിയാത്ത ഒരു ശക്‌തിയുടെ അനുഗ്രഹമാണെന്ന് മോഹന്‍ലാല്‍ പറഞ്ഞു.
ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരവും മലയാളിക്കും മലയാളത്തിനും കേരളത്തിനും സമര്‍പ്പിക്കുന്നു. ഗംഭീരമായ ഈ സ്വീകരണം ഒരുക്കിയ മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ സജി ചെറിയാന്‍, വി ശിവന്‍കുട്ടി, കെ എന്‍ ബാലഗോപാല്‍, ജി ആര്‍ അനില്‍ എന്നിവരോടും പരിപാടിയില്‍ പങ്കെടുത്ത എല്ലാവരോടും നന്ദി അറിയിക്കുന്നതായി മോഹന്‍ലാല്‍ പറഞ്ഞു.
മോഹന്‍ലാലിന്റെ കഴിവിനോട് ആദരവെന്ന് അടൂര്‍ ഗോപാലകൃഷ്‌ണന്‍
തിരുവനന്തപുരം: മോഹന്‍ലാലിനോടൊപ്പം പ്രവര്‍ത്തിക്കാന്‍ എനിക്ക് ഇനിയും അവസരം കിട്ടിയിട്ടില്ല, എന്നാല്‍ അദ്ദേഹത്തിന്റെ കഴിവുകളെപ്പറ്റി അങ്ങേയറ്റം അഭിമാനിക്കുകയും അതിനെ ആദരിക്കുകയും ചെയ്യുന്നതായി ലോകാരാധ്യനായ ചലച്ചിത്രപ്രതിഭയും ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം നേടിയ ആദ്യ മലയാളിയുമായ അടൂര്‍ ഗോപാലകൃഷ്‌ണന്‍ പറഞ്ഞു. മലയാളത്തിന്റെ വലുപ്പത്തെ ലോകത്തിന് മുന്നില്‍ പ്രതിനിധീകരിക്കുന്ന വ്യക്‌തിത്വമാണ് മോഹന്‍ലാല്‍. മോഹന്‍ലാലിനെ ആദരിക്കുന്ന മലയാളം വാനോളം ലാല്‍സലാം പരിപാടിയില്‍ ആശംസകള്‍ അര്‍പ്പിക്കുകയായിരുന്നു അടൂര്‍ ഗോപാലകൃഷ്‌ണന്‍.