തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദത്തിൽ ദേവസ്വം വിജിലന്‍സ് ഹൈക്കോടതിയിൽ നൽകിയ ഇടക്കാല അന്വേഷണ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്. ശബരിമലയിൽ നടന്നത് സ്വര്‍ണ കവര്‍ച്ചയെന്നാണ് വിജിലന്‍സ് റിപ്പോര്‍ട്ടിൽ പറയുന്നത്. സ്വര്‍ണപ്പാളിയിലെ സ്വര്‍ണം കവര്‍ന്നുവെന്നും സംഭവത്തിൽ വൻ ഗൂഢാലോചന നടന്നുവെന്നുമാണ് വിജിലന്‍സിന്‍റെ നിര്‍ണായക കണ്ടെത്തൽ. ദ്വാരപാലക ശിൽപ്പങ്ങളിലെ പാളികളിൽ പൊതിഞ്ഞ സ്വർണത്തിൽ വൻ കുറവ് വന്നതായാണ് ദേവസ്വം വിജിലൻസിന്‍റെ കണ്ടെത്തൽ. 2019ൽ ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് കൈമാറുമ്പോൾ പാളികളിൽ ഒന്നര കിലോ സ്വർണമുണ്ടായിരുന്നു. തിരിച്ചെത്തിച്ചപ്പോൾ 394 ഗ്രാം സ്വർണം മാത്രമാണെന്നാണ് നിർണായക കണ്ടെത്തൽ. ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിനെ സംശയനിഴലിൽ നിർത്തുന്നതാണ് ദേവസ്വം വിജിലന്‍സിന്‍റെ റിപ്പോർട്ട്.
സ്വർണപ്പാളി വിവാദം ആദ്യമായി പുറത്ത് കൊണ്ടുവന്നത് വിവാദത്തിൽ തിരുവിതാം കൂർ ദേവസ്വം ബോർഡിന്‍റെയും സ്പോണ്‍സര്‍ ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെയും വാദങ്ങൾ തള്ളിയാണ് ദേവസ്വം വിജിലൻസ് കണ്ടെത്തൽ. 2019 ൽ ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് പാളികൾ കൈമാറുമ്പോൾ ചെമ്പായിരുന്നുവെന്നാണ് ദേവസ്വം രേഖകളിൽ പറയുന്നത്. ഇതിൽ പിടിച്ചായിരുന്നു പോറ്റിയുടെ ഇതുവരെയുള്ള പ്രതിരോധം. എന്നാൽ, യുബി ഗ്രൂപ്പ് ചെയർമാൻ വിജയ് മല്യ 1998-99 കാലത്ത് ദ്വാരക പാല ശില്പങ്ങളിൽ മാത്രം ഒന്നര കിലോ സ്വർണ്ണം പൂശിയെന്നാണ് ദേവസ്വം വിജിലൻസ് കണ്ടെത്തൽ. ശ്രീകോവിലിൽ പ്രതിഷ്ഠിച്ച എട്ട് പാളികളിലായി നാലു കിലോ സ്വർണവും പൊതിഞ്ഞു. എട്ട് പാളികളിൽ വശത്തെ രണ്ട് പാളികളും ദ്വാരപാലക ശില്പത്തിന്‍റെ എല്ലാ പാളികളും 2019ൽ പോറ്റിക്ക് കൈമാറി. ഇതെല്ലാം സ്വർണ്ണമായിരുന്നു. ദ്വാരപാലക ശില്പങ്ങളിലെ പാളികൾ പോറ്റി തിരിച്ചെത്തിച്ചപ്പോൾ അതിലുണ്ടായിരുന്നത് 394 ഗ്രാം സ്വർണ്ണം മാത്രമാണ്. വശത്ത പാളികളിലെ സ്വർണത്തിന്‍റെ കണക്കിൽ ഇനിയും വ്യക്തത വരണം. ഇത് പരിശോധിച്ച് തിട്ടപ്പെടുത്തേണ്ടതുണ്ടെന്നാണ് വിജിലന്‍സ് പറയുന്നത്. ശബരിമലയിൽ സമർപ്പിക്കപ്പെട്ട സ്വർണ്ണം കളവ് പോയെന്നാണ് ദേവസ്വം വിജിലന്‍സിന്‍റെ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ സ്ഥിരീകരിക്കപ്പെടുന്നത്.
ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിനെ വെട്ടിലാക്കുന്നതാണ് റിപ്പോർട്ട്. 2019 ജുലൈ മാസത്തിലാണ് സ്വർണ്ണപ്പാളികൾ പോറ്റിക്ക് കൈമാറുന്നത്. ഇതിന് ഒരുമാസം മുമ്പ് പോറ്റി യാഹൂ അക്കൗണ്ടിൽ നിന്ന് എ പത്മകുമാറിന് അയച്ച ഇ മെയിൽ സന്ദേശം ദേവസ്വം വിജിലൻസ് കണ്ടെത്തി. ഇതിൽ സ്വർണത്തിന്‍റെ വിവരങ്ങൾ ആരായുന്നുണ്ട്. പിന്നാലെയാണ് സ്വർണപാളികള്‍ ബോർഡ് പോറ്റിക്ക് കൈമാറുന്നത്. ചട്ടവിരുദ്ധമായി പുറത്തേക്ക് കൊണ്ടുപോകാൻ പോറ്റിക്ക് അനുമതി നൽകിയതിലും പരിശോധന നടത്താതെ തിരികെ കൊണ്ടുവന്നതിൽ അടക്കം അടിമുടി ദുരൂഹതയുണ്ടെന്നാണ് വിജിലൻസ് റിപ്പോർട്ട്. അന്വേഷണം പൂർത്തിയാക്കാൻ ഇനിയും ദിവസങ്ങൾ ബാക്കിയുണ്ടെങ്കിലും നിർണ്ണായക വിവരങ്ങൾ ലഭിച്ചതോടെയാണ് ഇടക്കാലം റിപ്പോർട്ട് ദേവസ്വം വിജിലൻസ് ഹൈക്കോടതിക്ക് കൈമാറിയത്.
ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദത്തിൽ ഹൈക്കോടതി അന്വേഷണ സംഘത്തെ നിയോഗിച്ചത് സ്വാഗതം ചെയ്യുന്നുവെന്നും കോടതി ഇടപെടലിൽ സന്തോഷമുണ്ടെന്നും ദേവസ്വം മന്ത്രി വിഎൻ വാസവൻ പറഞ്ഞു. തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ എല്ലാ കാര്യത്തിലും ഹൈക്കോടതിയുടെ ശക്തമായ നിരീക്ഷണം ഉണ്ട്. ഏത് അന്വേഷണത്തിനും തയ്യാറാണ്. 2019ൽ ഉണ്ണികൃഷ്ണൻ പോറ്റിയെയാണ് അറ്റകുറ്റപ്പണി ഏൽപ്പിച്ചത്. അതേ വിദ്വാനാണ് ആഗോള അയ്യപ്പ സംഗമത്തിന് മുൻപ് പരാതി ഉന്നയിച്ചത്. പീഠം കണ്ടെടുത്തത് ഉണ്ണികൃഷ്ണൻ പോറ്റിയുടെ സഹോദരിയുടെ വീട്ടിൽ നിന്നാണ്. ആഗോള അയ്യപ്പ സംഗമം ഗുണം ചെയ്തെന്ന തോന്നലിന് പിന്നാലെയാണ് വിവാദം പൊട്ടിപ്പുറപ്പെടുന്നത്. 2015 മുതൽ ശബരിമലയിൽ എല്ലാത്തിനും വ്യവസ്ഥയുണ്ട്. 1998 മുതൽ 2025 വരെ എല്ലാ കാര്യങ്ങളും സമഗ്രമായി അന്വേഷിക്കണം. അന്വേഷണ തീരുമാനം പൂർണ്ണമായും സ്വാഗതം ചെയ്യുന്നുവെന്നും പൂര്‍ണമായും സഹകരിക്കുമെന്നും വിഎൻ വാസവൻ പറഞ്ഞു. സർക്കാരിനോ ദേവസ്വം വകുപ്പിനോ ഒരു പങ്കുമില്ല. തീർത്ഥാടന കാലത്ത് സഹായം ലഭ്യമാക്കൽ മാത്രമാണ് സര്‍ക്കാരിന്‍റെ ജോലി. ദേവസ്വം ബോർഡിന്‍റെ ഒരു പൈസ പോലും സർക്കാർ എടുക്കുന്നില്ല ദേവസ്വം ബോർഡിനെ സാമ്പത്തികമായി സഹായിക്കാറേയുള്ളു.