കണ്ണൂർ ഉളിക്കല്‍ നുച്യാട്ടിലെ പ്രവാസിയുടെ വീട്ടില്‍ നിന്നും 27 പവൻ സ്വർണം മോഷ്ടിച്ചു. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. വീടിന്റെ സാഹചര്യങ്ങള്‍ കൃത്യമായി അറിയാവുന്ന ആരോ ആണ് കവർച്ചയ്ക്ക് പിന്നിലെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം.
വ്യാഴാഴ്ച രാവിലെ ആറുമണിയോടെയാണ് വീട്ടമ്മയായ സിമിലി, മകള്‍ക്കും ബന്ധുവിനുമൊപ്പം ഭർത്താവിനെ സ്വീകരിക്കാൻ കോഴിക്കോട് വിമാനത്താവളത്തിലേക്ക് തിരിച്ചത്. ഈ സമയം ഭിന്നശേഷിക്കാരനായ പിതാവ് മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഏഴുമണിയോടെ പ്രഭാതഭക്ഷണം കഴിക്കാനായി പിതാവ് പുറത്തേക്ക് പോയപ്പോള്‍ വീടിന്റെ മുൻവാതില്‍ പൂട്ടാതെ ചാരിയിടുക മാത്രമാണ് ചെയ്തത്.
ഈ ചെറിയ ഇടവേളയിലാണ് മോഷ്ടാവ് അകത്തുകയറിയത്. കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 27 പവൻ സ്വർണമാണ് കവർന്നത്. സ്വർണം കൈക്കലാക്കിയ ശേഷം മോഷ്ടാവ് സുരക്ഷിതനായി മടങ്ങി. വൈകിട്ട് ഭർത്താവുമായി സിമിലിയും കുടുംബവും തിരിച്ചെത്തിയപ്പോഴാണ് അലമാര തുറന്നുകിടക്കുന്നതും വസ്ത്രങ്ങള്‍ വാരിവലിച്ചിട്ട നിലയിലും കണ്ടത്. പരിശോധനയില്‍ സ്വർണം നഷ്ടപ്പെട്ടതായി സ്ഥിരീകരിച്ചു.
വീട്ടിലോ പരിസരത്തോ സിസിടിവി ക്യാമറകള്‍ ഉണ്ടായിരുന്നില്ല എന്നത് പ്രതിസന്ധിയാണ്. സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലെയും വീടുകളിലെയും സിസിടിവി ദൃശ്യങ്ങള്‍ ഉളിക്കല്‍ പൊലിസ് പരിശോധിച്ചുവരികയാണ്. ഫോറൻസിക് സംഘവും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.















































































