പുതിയ പരിഷ്കാരവുമായി കെ.എസ്.ഇ.ബി. ഇനി ബിൽ തരാനും ഫ്യൂസൂരാനും മാത്രമല്ല പണം വാങ്ങാനും കെ.എസ്.ഇ.ബി ഇനി വീട്ടിലെത്തും എന്നാണ് പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.ഡെബിറ്റ്, ക്രഡിറ്റ് കാർഡ് വഴി പണം അടക്കാനും ബില്ല് നൽകാനും കഴിയുന്ന ആൻഡ്രോയിഡ് സ്പോട്ട് ബില്ലിംഗ് മെഷീനുകളാണ് കെ.എസ്.ഇ.ബി രംഗത്ത് ഇറക്കുന്നത്. തിരുവനന്തപുരം ജില്ലയിൽ ആറു മാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിൽ ഈ പദ്ധതി നടപ്പിലാക്കും. ഇതിനായി 200 പോസ്(pos) സ്പോട്ട് ബില്ലിംഗ് മെഷീനുകൾ യെസ് ബാങ്കിൽ നിന്ന് വാടകക്കെടുക്കാൻ തീരുമാനിച്ചു. മെഷീൻ ഒന്നിന് 90 രൂപയാണ് വാടക.ഇപ്പോൾ ഉപയോഗിക്കുന്ന ബട്ടൺ ടൈപ് മെഷീനുകൾ വഴി ബില്ല് നൽകാനേ കഴിയൂ. ഇവ പെട്ടെന്ന് തകരാറിലാവുകയും സ്പെയർ പാർട്സ് കിട്ടാനുള്ള ബുദ്ധിമുട്ടുമുണ്ട്. ഈ പുതിയ പരീക്ഷണം വിജയിച്ചാൽ ഭാവിയിലെ ബില്ലിംഗ് രീതി ഇതിലേക്ക് മാറ്റും എന്നാണ് കരുതുന്നത്.
