ആലപ്പുഴ: ചേര്‍ത്തല ജൈനമ്മ തിരോധാനക്കേസില്‍ പ്രതി സെബാസ്റ്റ്യന്‍ റിമാന്‍ഡില്‍. ഈ മാസം 26 വരെയാണ് റിമാന്‍ഡ് കാലാവധി. ഇയാളെ ആലപ്പുഴ ജില്ലാ ജയിലിലേക്ക് മാറ്റും. ജൈനമ്മ തിരോധാനക്കേസ് അന്വേഷണം അവസാനഘട്ടത്തിലേക്ക് കടന്നതായി അന്വേഷണ സംഘം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സെബാസ്റ്റ്യൻ കുറ്റകൃത്യം ചെയ്തതിന്റെ നിർണായക തെളിവ് അന്വേഷണ സംഘത്തിന് ലഭിച്ചു. തെളിവുകളുടെ അടിസ്ഥാനത്തില്‍ സെബാസ്റ്റ്യനെതിരെ തട്ടികൊണ്ട് പോകല്‍ കുറ്റം ചുമത്തിയിട്ടുണ്ട്.
പ്രതി ഇതുവരെ കുറ്റം സമ്മതിച്ചിട്ടില്ലെങ്കിലും മറ്റ് തെളിവുകളെല്ലാം ലഭിച്ചതായി അന്വേഷണ സംഘം പറഞ്ഞിരുന്നു. ശാസ്ത്രീയ തെളിവുകളടക്കം ശേഖരിക്കാന്‍ സാധിച്ചതായും സംഘം വ്യക്തമാക്കി. ഡിഎന്‍എ പരിശോധനാ ഫലവും ജൈനമ്മയുടെ മൊബൈല്‍ ഫോണ്‍ എവിടെ എന്നതിന്റെ ഉത്തരവുമാണ് ഇനി ലഭിക്കേണ്ടത്. നിലവിലെ തെളിവുകളുടെ അടിസ്ഥാനത്തില്‍ തട്ടിക്കൊണ്ട് പോകല്‍ വകുപ്പ് കൂടി സെബാസ്റ്റ്യനെതിരെ ചുമത്തിയിട്ടുണ്ട്. നേരത്തെ കൊലപാതകവും തെളിവ് നശിപ്പിക്കലുമായിരുന്നു സെബാസ്റ്റ്യനെതിരെ ചുമത്തിയിരുന്ന കുറ്റങ്ങള്‍. കഴിഞ്ഞ വർഷം ഡിസംബർ 23-നാണ് ജൈനമ്മയെ കാണാതായത്. അന്വേഷണത്തിൽ ജൈനമ്മയുടെ ഫോൺ അവസാനമായി ഓണായത് പളളിപ്പുറത്തുവെച്ചാണെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് സെബാസ്റ്റ്യന്റെ വീട്ടിൽ നിന്ന് അസ്തികൂടം ലഭിച്ചത്. കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിയാണ് ജൈനമ്മ.