നമ്മുടെ നിത്യ ജീവിതത്തില്‍ വെളിച്ചെണ്ണയ്ക്കുള്ള സ്ഥാനം വളരെ വലുതാണ്. എന്നാല്‍ ഇപ്പോള്‍ വെളിച്ചെണ്ണയുടെ വില കുതിച്ചുയരുകയാണ്. ഒരു ലിറ്റര്‍ വെളിച്ചെണ്ണക്ക് ഹോള്‍സെയില്‍ മാര്‍ക്കറ്റുകളില്‍ 420ഉം റീട്ടെയില്‍ കടകളില്‍ 450നും 480നും മുകളിലാണ് വില.
വെളിച്ചെണ്ണ വില ഓണം എത്തും മുന്‍പ് 600 കടക്കുമെന്നാണ് വ്യാപാരികളുടെ വിലയിരുത്തല്‍. തേങ്ങയുടെ ക്ഷാമവും വില വര്‍ധനയും കൊണ്ടുതന്നെ അടുത്തെങ്ങും വെളിച്ചെണ്ണ വില താഴേക്കിറങ്ങുന്ന ലക്ഷണമില്ല. 180 രൂപയില്‍ നിന്നാണ് ഒരു വര്‍ഷത്തിനിടെ വെളിച്ചണ്ണവില അഞ്ഞൂറിന് അടുത്ത് എത്തിയിരിക്കുന്നത്.
അതേസമയം വെളിച്ചെണ്ണയുടെ വില ഉയരുന്ന സാഹചര്യത്തിൽ പാമോയിലിനും സൺഫ്ലവർ ഓയിലിനും ആവശ്യകത വര്‍ധിച്ചിരിക്കുകയാണ്. വിപണിയില്‍ വ്യാജ വെളിച്ചെണ്ണ കടന്നു വരാനുള്ള സാധ്യതയും തള്ളിക്കളയാന്‍ ആവില്ല.