തിരുവനന്തപുരം: തിരുവോണത്തിന് സദ്യവട്ടങ്ങള്‍ ഒരുക്കാൻ അവശ്യസാധങ്ങള്‍ വാങ്ങിക്കാനുള്ള ഉത്രാടപ്പാച്ചിലിലാണ് മലയാളികള്‍. കടകമ്പോളങ്ങളിലും പച്ചക്കറി മാർക്കറ്റുകളിലും വൻ തിരക്കാണ് . ഉത്രാട ദിനത്തില്‍ ഉച്ച കഴിഞ്ഞാല്‍ ഉത്രാടപ്പാച്ചിലിന്‍റെ തീവ്രതകൂടും.
ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെടുന്നത് പച്ചക്കറി കടകളിലും വസ്ത്രശാലകളിലും ആണ്. ഫുട്പാത്തുകളിലെ കച്ചവടത്തിനും മാർക്കറ്റ് ഏറെയാണ് ഉത്രാടദിവസം. പച്ചക്കറിക്ക് വിലകൂടുതലാണെങ്കിലും തിരുവോണത്തിന് മലയാളികള്‍ക്ക് അത് ഒഴിവാക്കാൻ പറ്റില്ലല്ലോ. ഓണകാലത്തെ കച്ചവട ലാഭത്തെ കുറിച്ചാകട്ടെ വിത്യസ്ത അഭിപ്രായങ്ങളാണ് കച്ചവടക്കാർക്ക്.
ഓണം കളർഫുള്‍ ആകണമെങ്കില്‍ പൂക്കളം വേണം. എന്നാല്‍ ഒർജിനല്‍ പൂക്കളോട് മത്സരിക്കാൻ പ്ലാസ്റ്റിക് പൂക്കളും വിപണിയിലുണ്ട്. കാണം വിറ്റും ഓണം ഉണ്ണണം എന്നാണ് പഴയ പഴംചൊല്ല്. എന്നാല്‍ ഓണക്കോടിയില്ലാതെ എന്ത് ഓണം എന്നാണ് ന്യൂ ജെൻ പഴംചൊല്ല് . ട്രെൻഡി ഓണത്തിന് ട്രെൻഡി വസ്ത്രങ്ങളാണ് വിപണിയെ ഭരിക്കുന്നത്. തലസ്ഥാനത്തെ മാർക്കറ്റുകളില്‍ സൂചി കുത്താൻ ഇടമില്ലെന്ന് പറഞ്ഞാല്‍ അതിശയോക്തിയാവില്ല. ജനസാഗരമാണ് ചാല തുടങ്ങിയ മാർക്കറ്റുകളില്‍ ഒഴുകി എത്തി ഓണം പൊടിപൊടിക്കുന്നത്.












































































